ചെറുതോണി: ദുരിതബാധിത വില്ലേജായ കഞ്ഞിക്കുഴിയിലെ മുഴുവൻ കർഷകരുടെ വായ്പകളുടെ പലിശ പൂർണമായി എഴുതിതള്ളണമെന്ന് കോൺഗ്രസ് (ഐ) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഞ്ഞിക്കുഴി വില്ലേജിലെ ആയിരത്തിലധികം കുടുംബങ്ങൾ 2018ലെ പ്രളയത്തിന് ശേഷം ദുരിതത്തിലാണ്. കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയ്ക്ക് തിരിച്ചടിയായതോടെ കൃഷി ഉപജീവനമാക്കിയിരുന്ന കർഷകർ ഇപ്പോൾ കടക്കെണിയിലാണ്. വില്ലേജ് പരിധിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ അദാലത്തുകൾ വിളിച്ച് കോടതി വ്യവഹാരനടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഹെക്ടർകണക്കിന് ഭൂമിയും വീടുകളും നഷ്ടമായവർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വക്കച്ചൻ വയലിൽ അദ്ധ്യക്ഷത വഹിച്ചു. വിജയൻ പുല്ലുമല, മാത്യു തായങ്കരി എന്നിവർ പ്രസംഗിച്ചു.