കട്ടപ്പന: വിസ തട്ടിപ്പുസംഘത്തിലെ പ്രധാനകണ്ണി കട്ടപ്പന വള്ളക്കടവ് കണ്ടത്തിൽ അന്നമ്മ ജോർജിന്റെ(സിനി- 36) വാടകവീട്ടിൽ നിന്നു സാധനങ്ങൾ മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് ഒരുസംഘമാളുകൾ വാഹനങ്ങളുമായി അമ്പലക്കവലയിലെ വാടകവീട്ടിലെത്തിയത്. തുടർന്ന് നാട്ടുകാരും കബളിപ്പിക്കപ്പെട്ട ഉദ്യോഗാർഥികളും സ്ഥലത്തെത്തി തടയുകയായിരുന്നു. വിവരമറിഞ്ഞ് കട്ടപ്പന പൊലീസും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ അന്നമ്മയുടെ മകളുടെ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും എടുക്കാൻ ധാരണയായി. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സാധനങ്ങൾ എടുത്ത് സംഘം മടങ്ങുകയായിരുന്നു.
അന്നമ്മ ഉൾപ്പെടുന്ന വിസ തട്ടിപ്പുസംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള 66 പേരിൽ നിന്നായി മൂന്നരക്കോടിയോളം രൂപയാണ് കബളിപ്പിച്ചത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച ഉദ്യോഗാർഥികളിൽ പലരും സ്വന്തമായി പണം മുടക്കിയും 18 പേർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയും നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. തട്ടിപ്പിനിരയായവർ നൽകിയ കേസിൽ അന്നമ്മയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 28വരെ അന്നമ്മയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ സ്‌റ്റേഷനുകളിൽ അന്നമ്മക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇടുക്കിയിലെ വിവിധ മേഖലകളിലെ കൂടാതെ കണ്ണൂർ, പാലാ, അങ്കമാലി, ചാലക്കുടി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. ഡിസംബർ 28 ന് കട്ടപ്പന പൊലീസ് അന്നമ്മയുടെ വീട്ടിൽ പരിശോധന നടത്തി വ്യാജ രേഖകൾ പിടിച്ചെടുത്തിരുന്നു.