കട്ടപ്പന: ശക്തമായ കാറ്റിൽ മരം കടപുഴകിവീണ് വീട് തകർന്നു. നിസാര പരിക്കുകളോടെ വീട്ടമ്മ രക്ഷപ്പെട്ടു. കട്ടപ്പന വള്ളക്കടവ് തുങ്കുഴി തണ്ണിപ്പാറ ലിസിയുടെ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെ 4.45ഓടെയുണ്ടായ ശക്തമായ കാറ്റിൽ വീടിനുസമീപത്തെ ചേല മരം ഒടിഞ്ഞ് വീഴുകയായിരുന്നു. ഏലത്തോട്ടത്തിൽ തൊഴിലാളിയായ ലിസി ജോലിക്കുപോകാനായി എഴുന്നേറ്റതിനു പിന്നാലെയായിരുന്നു അപകടം. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടിവീണ് കിടപ്പുമുറിയിലാണ് പതിച്ചത്. വിവരമറിഞ്ഞ് സമീപവാസികൾ എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മരക്കൊമ്പ് പതിച്ച് ലിസിയുടെ മുഖത്ത് നിസാര പരിക്കേറ്റു. ഒടിഞ്ഞുവീണ മരം നാട്ടുകാരുടെ സഹായത്തോടെ വെട്ടിമാറ്റി. റോഷി അഗസ്റ്റിൻ എം.എൽ.എ, കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗൺസിലർ മേഴ്സി സ്‌കറിയ എന്നിവർ സ്ഥലം സന്ദർശിച്ചു. നഗരസഭയുടെയും നാട്ടുകാരുടെയും സഹായത്തോടെ രണ്ടുദിവസത്തിനകം വീട് വാസയോഗ്യമാക്കുമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. ഒരാഴ്ചയിലധികമായി ഹൈറേഞ്ചിൽ ഇടവിട്ട് ശക്തമായി കാറ്റുവീശുന്നുണ്ട്.