തൊടുപുഴ: റോഡിലൂടെ നടന്ന് പോവുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മേൽ വൈദ്യുതി പോസ്റ്റിൽ നിന്ന് ലൈൻ കമ്പി പൊട്ടി വീണ് ഷോക്കേറ്റു. അസം സ്വദേശി ജീവനാണ് (32) ഷോക്കേറ്റെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടത്. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വർക്ക് ഷോപ്പ് ജോലിക്കാരനായ ജീവൻ സമീപത്തെ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് തിരികെ വരുമ്പോഴാണ് ലൈൻകമ്പി പൊട്ടി ദേഹത്ത് വീണത്. ഷോക്കേറ്റ ജീവനെ വർക്ക്ഷോപ്പ് ഉടമ ഷിബു രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാര്യമായി ഷോക്കേൽക്കാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ വിട്ടയച്ചു. വൈദ്യുതിപോസ്റ്റും ലൈൻ കമ്പിയും പഴകി ദ്രവിച്ച് അപകടാവസ്ഥയിലാണെന്നും അടിയന്തരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് കൗൺസിലർ സുധാകരൻ നായരുടെ നേതൃത്വത്തിൽ നിരവധി തവണ കെ.എസ്.ഇ.ബിക്ക് പരാതി നൽകിയതാണ്. സ്കൂൾ കുട്ടികളടക്കം നിരവധിപ്പേർ സഞ്ചരിക്കുന്ന വഴിയാണിത്. അപകടശേഷം കെ.എസ്.ഇ.ബി അസി. എൻജിനിയറടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.