മുട്ടം: മലങ്കര അണക്കെട്ടിന്റെ നിർമ്മാണത്തിനും അനുബന്ധ ജോലികൾക്കുമായി വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുകയും വർഷങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിച്ച്‌ വരുകയും ചെയ്യുന്ന 13 കുടുംബങ്ങളുടെ വീട് നിർമ്മാണത്തിന് നടപടികളായി. ഇതിന്റെ ഭാഗമായി മലങ്കരയിൽ മൂന്നാമയിലിന് സമീപം സർക്കാർ വക കുപ്പിവെള്ള ഫാക്ടറിക്ക് സമീപത്തായി ഇവർക്ക് സ്ഥലം അനുവദിച്ചിരുന്നു. ഒരു ഗുണഭോക്താവിന്‌ സൗജന്യമായി 3 സെന്റ് സ്ഥലവും മുട്ടം പഞ്ചായത്തിന്റെ ലൈഫ് മിഷനിൽപെടുത്തി വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപയുമാണ് നൽകുന്നത്. വീട് നിർമ്മാണത്തിന്റെ തറക്കല്ല്ഇടൽ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല സന്തോഷ്‌, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി കെ മോഹനൻ, പഞ്ചായത്ത്‌ അംഗങ്ങളായ ബിജോയ്‌ ജോൺ, സെബാൻ വലിയകുന്നേൽ, സതീഷ് പി എസ് എന്നിവർ സംസാരിച്ചു.