fire1
വട്ടവട ഷോല നാഷണൽ പാർക്കിലുണ്ടായ കാട്ടു തീ

 പദ്ധതി തുക 30 ശതമാനമാക്കി കുറച്ചു


മറയൂർ: ആസ്‌ട്രേലിയയിലെ കാട്ടു തീ ദുരന്തം പോലെ ഹൈറേഞ്ചിലുമുണ്ടാകുമോ എന്ന ഭീതിയിലാണ് പ്രകൃതി സ്‌നേഹികൾ. കേരളത്തിൽ ഏറ്റവും അധികം സംരക്ഷിത വനമേഖലയുള്ള ഇടുക്കിയിൽ കാട്ടുതീ നിയന്ത്രണ പദ്ധതികൾക്കുള്ള തുക മുപ്പത് ശതമാനമാക്കി കുറച്ചതും ഫയർലൈൻ ജോലികൾ ഒഴിവാക്കിയതുമാണ് ആശങ്കയ്ക്ക് ഇടവരുത്തുന്നത്. ഏതാനും വർഷങ്ങളായി കാട്ടുതീ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഈ കടുത്ത തീരുമാനം. കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ ഫയർലൈൻ ജോലി കൊണ്ട് സാധിച്ചിരുന്നു. സംരക്ഷിത മേഖലയിൽ വനത്തിനുള്ളിലായി പതിനായിരക്കണക്കിന് ആദിവാസികൾ താമസിച്ച് കൃഷി ചെയ്താണ് ഉപജീവനം നടത്തുന്നത്. വനാന്തർ ഭാഗങ്ങളിൽ താമസിക്കുന്ന ആദിവാസി കോളനികൾക്ക് ചുറ്റും അവരുടെയും കൃഷിയുടെയും സംരക്ഷണാർത്ഥം ഫയർലൈൻ ജോലികൾ നടത്തിയിരുന്നു. എന്നാൽ ഈ വർഷം കോളനികൾക്ക് യാതൊരു വിധ സംരക്ഷണവും ഒരുക്കിയിട്ടില്ല. അതേസമയം ഫയർലൈൻ ജോലികൾ ചെയ്യാതെ വ്യാജരേഖയുണ്ടാക്കി വനംവകുപ്പ് ഉദ്യോഗസ്ഥ‌ർ ഫണ്ട് എഴുതിയെടുക്കാറുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത് കൃത്യമായി പരിശോധിക്കുന്നതിന് പകരമാണ് സർക്കാർ പദ്ധതിതുക തന്നെ വെട്ടിചുരുക്കി ഫയർലൈൻ ജോലികൾ ഒഴിവാക്കിയത്.

ഫയർലൈനുകൾ ലക്ഷ്മണരേഖ

കാട്ടു തീ ഉണ്ടാവാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും റോഡരികിലും അഞ്ച് മീറ്റർ വീതിയിൽ കാടു വെട്ടി പുല്ലുകൾ ചെത്തി നടുഭാഗത്ത് കൂട്ടിയിട്ട് കത്തിച്ച് മുൻ കരുതൽ എടുക്കുന്ന പ്രവൃത്തിയാണ് ഫയർ ലൈനുകൾ. യാത്രക്കാർ അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽ നിന്ന് റോഡരികിലെ പുല്ലിൽ തീ പിടിച്ചാലും അത് വനത്തിലേക്ക് കടക്കാതെ ഇത് തടയും. 100 കിലോമീറ്ററിലധികം ഫയർ ലൈൻ ജോലികൾ നടന്നിരുന്ന പല റേഞ്ച് പരിധിയിലും ഈ വർഷം 10 കിലോ മീറ്ററിൽ താഴെ മാത്രമാണ് നടത്തുന്നത്.

കാട്ടുതീയിൽ വൻവർദ്ധന

സാറ്റ്‌ലൈറ്റ് ഡാറ്റാ പഠനത്തിൽ 1973 ൽ 1.9ശതമാനം ആയിരുന്ന കാട്ടുതീ 2010 ൽ 10.67 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. പല കാട്ടുതീകളും സ്വാഭാവികമായി ഉണ്ടാകുന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം. കൊടും ചൂടും കാലാവസ്ഥാ വ്യതിയാനവും കാട്ടു തീയുടെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്തിൽ പകുതിയിലധികം വനമേഖലയും കാട്ടുതീ ബാധിതമാണ്. കാട്ടു തീ വനസമ്പത്ത് മാത്രമല്ല സസ്യജന്തു ജാലങ്ങളുടെ ആവാസ വ്യവസ്ഥയും തകിടം മറിക്കും.