കട്ടപ്പന: കട്ടപ്പനയിൽ നടന്ന എൽ.ഡി.എഫ് സർക്കാരിന്റെ നാലാമത് പട്ടയമേളയുടെ ഉദ്ഘാടന സമ്മേളനം രാഷ്ട്രീയ വാഗ്വാദ വേദിയായി മാറി. സ്വാഗത പ്രസംഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 45,000 പട്ടയങ്ങൾ വിതരണം ചെയ്ത കാര്യം പരാമർശിച്ചിരുന്നു. യു.ഡി.എഫ് സർക്കാർ പട്ടയം കൊടുത്തത് എവിടാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ മന്ത്രി എം.എം. മണിയുടെ പരാമർശം. ഉപാധിയോടെയുള്ള പട്ടയം കൊണ്ടുവന്നത് ആരാണ്. ഉപാധികളെല്ലാം ഇപ്പോ മാറ്റിയെന്നും മന്ത്രി പറഞ്ഞു. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ താൻ സംസ്ഥാന മന്ത്രിയാണെന്നു പറഞ്ഞുനടന്നിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ മുഖ്യപ്രഭാഷണത്തിൽ ഡീൻ കുര്യാക്കോസ് എം.പി, മന്ത്രിയുടെ പരാമർശം ആരോഗ്യപരമായിരുന്നോ എന്ന് സ്വയം ചിന്തിക്കണമെന്ന് പറഞ്ഞു. ഇത് ആദ്യത്തെ പട്ടയമേളയല്ല. 1977 ന് മുമ്പ് കുടിയേറിയവർക്ക് പട്ടയം കൊടുക്കാൻ നടപടിയെടുത്ത് എ.കെ. ആന്റണി സർക്കാരായിരുന്നു. യു.ഡി.എഫ് ചെയ്ത കാര്യങ്ങൾ സമ്മതിക്കാൻ എന്താണ് ബുദ്ധിമുട്ടെന്നും ഇടുക്കിക്ക് വേണ്ടി പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജ് എന്തായെന്നും ഡീൻ ചോദിച്ചു. തുടർന്ന് ആശംസ പ്രസംഗത്തിനിടെ ഇ.എസ്. ബിജിമോൾ എം.എൽ.എയും വിഷയത്തിൽ യു.ഡി.എഫ് സർക്കാരിനെ വിമർശിച്ചു.

നൽകിയത് 8101 പട്ടയം

ജില്ലയിലെ 11 റവന്യു ഓഫീസുകളിൽ നിന്നായി 8101 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്. ഏഴല്ലൂർ, കൊലുമ്പൻ കോളനി, അഞ്ചിരി, ഇഞ്ചിയാനി, മാങ്കുളം, പണിയക്കുടി, പെരുങ്കാല കോളനി ഉൾപ്പെടെ 18 കോളനികളിൽ നിന്നുള്ള 1500ൽപ്പരം പേർക്കും പട്ടയം ലഭിച്ചു.