തൊടുപുഴ: മകരത്തിൽ മരം കോച്ചുമെന്നാണ് പഴഞ്ചൊല്ല്. മുൻകാലങ്ങളിൽ ഈ പഴഞ്ചൊല്ലിൽ പതിരുമില്ലായിരുന്നു. പക്ഷേ, ഇപ്പോൾ മകരമാസത്തിലും വിയർത്ത് കുളിക്കാനാണ് നമ്മുടെ വിധി. പതിവിന് വിപരീതമായി അതി കഠിനമായ ചൂടാണ് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ എങ്ങും അനുഭവപ്പെടുന്നത്. ലോറേഞ്ച് മേഖലയിലാണ് ഉഷ്ണം രൂക്ഷം. മാർച്ച്, ഏപ്രിൽ മാസങ്ങളിലെന്ന പോലെ രാവിലെ മുതൽ പൊള്ളുന്ന ചൂടാണ് തൊടുപുഴയുൾപ്പെടെയുള്ള മേഖലയിൽ. രാത്രിയായാൽ വെയിലുമാറി പുകച്ചിലായി മാറും. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം മൂന്നാറിൽ പലയിടത്തും മഞ്ഞ് വീഴ്ചയുണ്ടായത് വലിയ വാർത്തയായിരുന്നു. ഇത്തവണ മഞ്ഞ് പോയിട്ട് തണുപ്പ് തന്നെ രാത്രികാലങ്ങളിൽ മാത്രമായി ചുരുങ്ങി. താപനില വല്ലപ്പോഴും രാത്രിയിൽ പത്ത് ഡിഗ്രിയിൽ താഴെ വന്നാലായി. ഒരു മഴ കണ്ട കാലം മറന്നു ഇടുക്കി ജില്ലക്കാർ. ഹൈറേഞ്ചിൽ പലയിടത്തും രാത്രികാലങ്ങളിൽ കനത്ത കാറ്റുമുണ്ടാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പ്രളയത്തിൽ നിന്ന് കരകയറി വരുന്ന കാർഷികമേഖലയെയും പ്രതികൂലമായി ബാധിക്കോമെയെന്ന ആശങ്കയിലാണ് കർഷകർ.

കൂടിയ താപനില

തൊടുപുഴ- 36 ഡിഗ്രി സെൽഷ്യസ്

ഇടുക്കി- 33

കട്ടപ്പന- 35

മൂന്നാർ- 28

കുമളി- 35

പീരുമേട്- 33

''ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുറഞ്ഞ താപനില (പുലർച്ചെ രേഖപ്പെടുത്തുന്നത്) ശരാശരിയിൽ നിന്ന് ഒരു ഡിഗ്രി വരെ കൂടിയായിരിക്കും. ആഗോള താപനത്തിന്റെയും സമുദ്രതാപനില കൂടുന്ന പ്രതിഭാസവും കാരണമാണിത് സംഭവിക്കുന്നത്. ഇതാണ് പകലും രാത്രിയും ചൂട് കൂടാൻ കാരണം.""

-കെ. സന്തോഷ് (കാലാവസ്ഥാ നിരീക്ഷകേന്ദ്രം ഡയറക്ടർ)