കട്ടപ്പന: ഭൂമിപതിവ് ചട്ടം ഭേദഗതി ചെയ്യാൻ റവന്യു വകുപ്പിനു കഴിഞ്ഞില്ലെന്നതിന്റെ കുറ്റസമ്മതമാണ് പട്ടയമേളയിൽ റവന്യു മന്ത്രിയുടെ പ്രസംഗത്തിലുണ്ടായതെന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം കഴിഞ്ഞ് ഒരുമാസം പിന്നിടുകയാണ്. ഓഗസ്റ്റ് 22ലെ ഉത്തരവും തുടർന്നുള്ള മൂന്ന് ഉത്തരവുകളും റദ്ദാക്കുന്നതിനെക്കുറിച്ചോ ഭേദഗതി ചെയ്യുന്നതിനെപ്പറ്റിയോ മന്ത്രിമാർ ഒന്നും പറഞ്ഞില്ല. എട്ടുവില്ലേജുകളിലെ നിർമാണ നിയന്ത്രണം നിയമപരമായി ജില്ലയാകെ ബാധിച്ചിരിക്കുകയാണ്. കുമളി ഒട്ടകത്തലമേട്ടിൽ ഹെലികോപ്ടർ ഇറങ്ങുന്നതിനു അനുമതി നിഷേധിച്ചത് ഉത്തരവ് നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണ്. ഇതിനെതിരെ കോൺഗ്രസും യു.ഡി.എഫും നടത്തിവന്ന സമരങ്ങൾ പുനരാരംഭിക്കും. പട്ടയമേളയിൽ റോഷി അഗസ്റ്റിനെ വൈദ്യുതി മന്ത്രി അവഹേളിച്ചത് അപലപനീയമാണ്. ഇങ്ങനെയാണെങ്കിൽ മന്ത്രിയെ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.