വണ്ണപ്പുറം:110 കെ.വി സബ്സ്റ്റേഷൻ വന്നാലെങ്കിലും വണ്ണപ്പുറത്തെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നൊക്കെ കരുതിയത് വെറുതെയായി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി ക്ഷാമത്തിന് ഒട്ടും പരിഹാരം കണ്ടെത്താനായിട്ടില്ല.. കാളിയാർ കെ.എസ്.ഇ.ബി യുടെ പരിധിയിലുള്ള മേഖലകളിൽ അറ്റകുറ്റ പണികൾക്കായി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം നിർത്തിവെയ്ക്കുന്നത് നാട്ടുകാർക്ക് ഏറെ പ്രശ്നമാവുകയാണ്. വണ്ണപ്പുറം ടൗൺ അടക്കം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ദിനം തോറും മണിക്കൂറുകളോളമാണ് വൈദ്യുതി വിതരണം ഇല്ലാതാവുന്നത്. വണ്ണപ്പുറം മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും അധികൃതർക്ക് നിരവധി തവണ പരാതികൾ നൽകിയെങ്കിലും കാളിയാർ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
അറ്റകുറ്റ പണികൾക്കായി വൈദ്യുതി വിതരണം നിർത്തിവെയ്ക്കുമ്പോൾ മുൻ കാലങ്ങളിൽ പത്രമാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു.എന്നാൽ ഏതാനും നാളുകളായിട്ട് ഇത്തരത്തിലുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല, ഇത് വൈദ്യുതി ഉപഭോക്താക്കളെ ഏറെ പ്രതിസന്ധി യിലാക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തന്നെ നിരവധി തവണയാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങിയത്. എന്നാൽ അറ്റകുറ്റ പണികൾ നടക്കുന്നത് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ മറ്റ് മുൻകരുതലുകൾ സ്വീകരിക്കാമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ടച്ചുവെട്ടുന്നതു പോലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. വൈദ്യുതി മുടക്കിയിട്ടും പൂർണ്ണമായി പണികൾ പൂർത്തിയാക്കാതെയാണ് പോകുന്നതെന്നും ആരോപണമുണ്ട്. വൈദ്യുതി ലൈനിൽ നിന്ന് അപ്രതീക്ഷിതമായി വോൾട്ടേജ് വർദ്ധിക്കുന്നത് ഗൃഹോപകരണങ്ങൾക്ക് നാശനഷ്ടമുണ്ടാകാനും കാരണമാവുന്നുണ്ട്.
ഇരുളിൻ മറവിൽ...
വഴി വിളക്കുകൾ പ്രവർത്തിക്കാത്തത് സാമൂഹ്യ വിരുദ്ധർക്ക് അഴിഞ്ഞാടാൻ സൗകര്യമൊരുക്കുകയാനെന്നും ആക്ഷേപം നില നിക്കുന്നുണ്ട്. വൈദ്യുതിയില്ലാത്തതിനാൽ വണ്ണപ്പുറം മേഖലകളിലെ ചില റോഡുകളിലും, ഇടവഴികളിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ശക്തി പ്രാപിക്കുന്നുണ്ട്.
ആർക്കും ഒന്നും അറിയില്ല
ഒരു ദിവസം തന്നെ പല പ്രാവശ്യം വൈദ്യുതി വിതരണം തടസം ഉണ്ടാവുന്നത് സംബന്ധിച്ച് കെ എസ് ഇ ബി യിൽ അന്വേഷിക്കുന്ന ആളുകളോട് സബ്ബ് സ്റ്റേഷന്റെ പാകപ്പിഴയാണ് അവിടെ അന്വേഷിക്കാൻ ഉദ്യോഗസ്ഥർ പറയും. എന്നാൽ സബ് സ്‌റ്റേഷനിൽ അന്വേഷിച്ചാൽ കാളിയാർ സെക്ഷനിലെ കുഴപ്പമെന്നാണ് അവിടെ അന്വേഷിക്കാൻ ഇവിടെയുള്ളവർ പറയും.
വൈദ്യതി തടസംഏറ്റവും ബാധിക്കുന്നത് വണ്ണപ്പുറം പഞ്ചായത്ത് പ്രദേശത്ത് ആശുപത്രികളുടെയുംലാബുകളുടെയും നിർമ്മാണ മേഖലയിലെ ജോലിക്കാരെയും സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും, മെഡിക്കൽ ഷോപ്പുകളെയും ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തികളെയും വൈദ്യുതി മുടക്കം അവതാളത്തിലാക്കുകയാണ്.