board

കട്ടപ്പന: മത സൗഹാർദത്തിന്റെ പെരുമ വിളിച്ചോതി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും പള്ളിപ്പെരുന്നാളും ഒരുമിച്ച് ആഘോഷിക്കാൻ വാഴവരക്കാർ ഒരുങ്ങുന്നു. എസ്.എൻ.ഡി.പി. യോഗം വാഴവര ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഉത്സവം 28 ന് ആരംഭിക്കും. നാളെയാണ് വാഴവര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ പെരുന്നാൾ തുടങ്ങുന്നത്. തുടർച്ചയായ രണ്ടാംവർഷമാണ് ഉത്സവവും പെരുന്നാളും നാട് ഒരുമിച്ച് ആഘോഷിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം വാഴവര യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഉത്സവത്തിന്റെയും പെരുന്നാളിന്റെയും വിവരങ്ങൾ ഉൾപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പള്ളിയിൽ നിന്നുള്ള റാസയ്ക്ക് സ്വീകരണം നൽകാനും ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.