ചെറുതോണി: ഇടുക്കി ജനത ആകാംഷയോടെ കാത്തിരുന്ന കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം. വൻജന സഞ്ചയത്തെ സാക്ഷി നിർത്തി ജില്ലാ കളക്ടർ എച്ച് ദിനേശൻ എക്‌സിബിഷൻ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് മന്ത്രി എം.എം. മണി നിർവഹിക്കും. ഡി.ടി.പി.സിയും കാമാക്ഷി മരിയാപുരം പഞ്ചാത്തുകളും ടൂറിസം സൊസൈറ്റികളും വനസംരക്ഷണ സമിതിയും തങ്കമണി സർവീസ് സഹകരണ ബാങ്കും ചേർന്ന ജനകീയ കമ്മിറ്റിയാണ് ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. സ്റ്റാളുകളുടെ ഉദ്ഘാടന സമ്മേളനത്തിൽ രക്ഷാധികാരി റവ. ഫാ.ജോസഫ് തളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. 30 രൂപയാണ് പ്രവേശന ഫീസ്. കാൽവരി വ്യൂപോയിന്റും ഫെസ്റ്റ് നഗിരിയും ആർച്ചുഡാമും ഹിൽവ്യൂ പാർക്കും ചേർത്ത് ഡി.ടി.പി.സിയുടെ ടൂർ പാക്കേജും നടത്തുന്നുണ്ട്.