kumaramangalam
കുമാരമംഗലം പഞ്ചായത്തിനോടുള്ള അവഗണനയിൽ പ്രതിക്ഷേധിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഡെപ്യൂട്ടി ഡയറക്ടറെ തടഞ്ഞുവച്ച് പ്രതിഷേധിക്കുന്നു

തൊടുപുഴ: കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ഡെപ്യൂട്ടി ഡയറക്ടറെ ഓഫീസിൽ തടഞ്ഞുവച്ചു. പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് യൂണിയൻ നേതാക്കളുടെ താത്പര്യം സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണെന്ന് ഭരണസമിതി ആരോപിക്കുന്നു. പകരം വയ്ക്കുന്ന പണിഷ്‌മെന്റും നിർബന്ധിത ട്രാൻസ്ഫറുമുള്ള ഉദ്യോഗസ്ഥർ പഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. മൂന്ന് എൽ.ഡി ക്ലർക്കുമാരും മൂന്ന് യു.ഡി ക്ലർക്കുമാരുമുള്ള പഞ്ചായത്തിൽ ഒരു എൽ.ഡി ക്ലർക്ക്, രണ്ട് യു.ഡി. ക്ലർക്ക്, എൽ.എസ്.ജി.ഡി എൻജിനിയർ എന്നിവരുടെ ഒഴിവാണ് നിലവിലുള്ളത്. ഈ ഒഴിവുകൾ കഴിവുള്ള ഉദ്യോഗസ്ഥരെ വച്ച് നികത്തണമെന്ന് പലതവണ നേരിട്ടും രേഖാമൂലവും ഡി.ഡി.പിയോടും തിരുവനന്തപുരത്ത് ഡയറക്ടർ ഓഫീസിലും ആവശ്യപ്പെട്ടിട്ടുള്ളതാണ്. കെട്ടിടനിർമ്മാണ പെർമിറ്റ്, എൻ.ഒ.സി, നമ്പറിംഗ്, ഫീൽഡ് ഉദ്യോഗസ്ഥരുടെ സേവനം, ബെർത്ത് ആന്റ് ഡെത്ത്, മാര്യേജ്, വിവിധ ക്ഷേമപെൻഷനുകൾ ഇങ്ങനെ പൊതുജനങ്ങൾക്ക് നേരിട്ട് കിട്ടേണ്ട സേവനങ്ങൾക്ക് തടസമുണ്ടായ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ലിന്റാ സിബിന്റെ നേതൃത്വത്തിൽ ഡി.ഡി.പിയെ ഉപരോധിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു. വൈ. പ്രസിഡന്റ് ബീമ അനസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷെമീന നാസർ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജു ഒ.പി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചിന്നമ്മ സോജൻ, ഏഴാം വാർഡ് മെമ്പർ നിസാർ പഴേരി തുടങ്ങിയ യു.ഡി.എഫ് ഭരണസമിതി അംഗങ്ങളാണ് ഡി.ഡി.പിയെ തടഞ്ഞത്.