കട്ടപ്പന: എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തങ്കമണി മുതൽ കാഞ്ചിയാർ പള്ളിക്കവല വരെ തീർക്കുന്ന മനുഷ്യ ശൃംഖലയിൽ അരലക്ഷം പേർ അണിനിരക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ കെ.കെ. ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ അറിയിച്ചു. എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മനുഷ്യ മഹാശൃംഖല ഇടുക്കിയിൽ കടന്നുപോകുന്നില്ല. ഇതിനു പകരമായാണ് ഉപശൃംഖല തീർക്കുന്നത്. തങ്കമണിയിൽ നിന്ന് ആരംഭിച്ച് പാറക്കടവ്, കാമാക്ഷി, ശാന്തിഗ്രാം, ഇരട്ടയാർ, വെട്ടിക്കുഴക്കവല, വെള്ളയാംകുടി, ഇടുക്കിക്കവല, കട്ടപ്പന ടൗൺ, പള്ളിക്കവല, ജ്യോതിസ് ജംഗ്ഷൻ, നരിയംപാറ വഴി കാഞ്ചിയാർ പള്ളിക്കവലയിൽ സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തകർ കേന്ദ്രീകരിക്കും. 3.30ന് ട്രയൽ, നാലിന് പ്രതിജ്ഞയും തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ സമ്മേളനങ്ങളും നടക്കും. മന്ത്രി എം.എം. മണി, സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എ. കുര്യൻ, മുൻ എം.പി ജോയ്‌സ് ജോർജ്, കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്, എൻ.സി.പി നേതാവ് സലീം പി. മാത്യു എന്നിവർ കട്ടപ്പന നഗരത്തിലും കെ.കെ. ശിവരാമൻ കാഞ്ചിയാർ പള്ളിക്കവലയിലും കെ.കെ. ജയചന്ദ്രൻ തങ്കമണിയിലും മറ്റു കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളും കണ്ണികളാകും.