മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാര സീസണുകളിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി വികസന സമിതി യോഗത്തിൽ ജില്ലാ പൊലീസ് മേധാവി. തിരക്കുള്ള സമയങ്ങളിൽ മൂന്നാർ ടൗണിലെ ട്രാഫിക് നിയന്ത്രിക്കുന്നതിനായി ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. മൂന്നാർ ട്രാഫിക് യൂണിറ്റും പിങ്ക് പൊലീസും പട്രോളിംഗ് നടത്തും. 108 ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ വികസന സമിതിയിൽ ആവശ്യപ്പെട്ടു. ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കാൻ മൂന്നാർ മേഖലകളിൽ നിയന്ത്രണം ഉണ്ട്. ഉദ്യോഗസ്ഥർ കെട്ടിട നിർമ്മാണത്തിന് അനുവാദം കൊടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. മൂന്നാർ ഉടുമൽപേട്ട അന്തർസംസ്ഥാന പാത വനംവകുപ്പ് രാത്രകാലങ്ങളിൽ അടച്ചിടുന്നതിനെ എംഎൽഎ വിമർശിച്ചു. മച്ചിപ്ലാവ് ലൈഫ് ഫ്ളാറ്റിലെ മാലിന്യ പ്രശ്‌നത്തെക്കുറിച്ച് 31ന് അടിമാലിയിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്ന് ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് മുറുപടി നൽകി. സഞ്ചാര സ്വാതന്ത്ര്യത്തിന് തടസമായി നടപ്പാത ഉയർത്തി പണിയരുതെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ റോഷി അഗസ്റ്റിൻ എം.എൽ.എ ആവശ്യപ്പെട്ടു.