ഇടുക്കി: 71-ാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ദേശീയപതാക ഉയർത്തൽ, സല്യൂട്ട് സ്വീകരിക്കൽ, മാർച്ച്പാസ്റ്റ്, ബാന്റ് മേളം, റിപ്പബ്ലിക് ദിനസന്ദേശം എന്നിവ ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസിൽ നടത്തും. തുടർന്ന് രാവിലെ ഒമ്പത് മുതൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ മൂന്നാർ ദേവികുളം മേഖലയിലെ വിവിധ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. കേരള സർക്കാരിന്റെ 'പ്ലാസ്റ്റിക്ക് വിമുക്ത കേരളം' പദ്ധതിയുടെ വിജയത്തിനായി ദേവികുളം സബ്‌കളക്ടർ എസ്. പ്രേംകൃഷ്ണൻ 1000 തുണിസഞ്ചികൾ വിതരണം ചെയ്യും. അന്നേ ദിവസം സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബൊട്ടാണിക്കൽ ഗാർഡൻ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു.