സേനാപതി: സേനാപതിയിലെ ദേവീ ക്ഷേത്രത്തിൽ നിന്ന് 35,000 രൂപ മോഷണം പോയി. ക്ഷേത്രത്തിനു സമീപം കളിക്കാനെത്തിയ സമീപവാസികളായ കുട്ടികളാണ് ക്ഷേത്രത്തിന്റെ പിൻവാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. ഇവർ പറഞ്ഞതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ സ്ഥലത്തെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിനകത്തെ മേശയും ഓഫീസിലെ അലമാരയും കുത്തി പൊളിച്ച അവസ്ഥയിലായിരുന്നു. അലമാരയിൽ ഉണ്ടായിരുന്ന 35000 രൂപയാണ് നഷ്ടപെട്ടത്. ഭക്തർ കാണിക്കയായി നൽകിയ സ്വർണം അലമാരയിൽ ഉണ്ടായിരുന്നെങ്കിലും രഹസ്യ അറയിലായിരുന്നതിനാൽ നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ ഉടുമ്പൻചോല പൊലീസ് ഇന്നലെ സ്ഥലത്ത് എത്തി പരിശോധന നടത്തി.