ഇടുക്കി: മിടുമിടുക്കിയായ ഇടുക്കിക്ക് ഇന്ന് 48-ാം പിറന്നാൾ. അടുത്തടുത്ത വർഷങ്ങളിൽ രണ്ട് പ്രളയങ്ങളെ അതിജീവിച്ചതിന്റെ ക്ഷീണമുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ പറുദീസയായ ഇടുക്കി മുന്നേറുകയാണ്. കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയിലായിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞള്ളൂരും കല്ലൂർക്കാടുമൊഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേർത്ത് 1972 ജനുവരി 26 നാണ് ജില്ല രൂപം കൊണ്ടത്.

തുടക്കത്തിൽ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനമെങ്കിലും നാലു വർഷത്തിനുശേഷം പൈനാവിലേക്ക് മാറ്റി. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയും ഇടുക്കി തന്നെ. തീവണ്ടിയുടെ ചൂളംവിളി കേൾക്കാത്ത സംസ്ഥാനത്തെ രണ്ട് ജില്ലകളിലൊന്നും ഇടുക്കിയാണ്. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാർ മലനിരകളിലൂടെ റെയിൽവേ ഉണ്ടായിരുന്നത് ചരിത്രം. 1924ലെ പ്രളയത്തിലാണ് റെയിൽ മാർഗം തകർന്നത്. ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. പശ്ചിമഘട്ടത്തിലെ പ്രധാന ഭാഗവും ഇടുക്കിയുടെ മടിത്തട്ടിലാണ്. മലയോര മണ്ണിൽ കഠിനാധ്വാനം കൊണ്ട് കനകം വിളയിക്കുന്ന ഏലം, കാപ്പി, കുരുമുളക്, തേയില, വാഴ, മരച്ചീനി എന്നിവയെല്ലാം ഇടുക്കിയുടെ മണ്ണിൽ തഴച്ചു വളരുകയാണ്. ഒരുവേള കറുത്തപൊന്നിന്റെ നാടെന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. സംസ്ഥാനത്തെ ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്നതിലും ഇടുക്കി മുഖ്യ പങ്കു വഹിച്ചു.

കൊലുമ്പൻ കാട്ടിത്തന്ന കുറുവൻ– കുറത്തി മലനിരകളെ ബന്ധിപ്പിച്ച് ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം ഇടുക്കിയുടെ മണ്ണിൽ പണിതുയർത്തുമ്പോൾ രാജ്യത്തിനു തന്നെ വലിയ നേട്ടമായി. കേരളത്തിലുടനീളം വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 66 ശതമാനവും ലഭിക്കുന്നത് ജില്ലയിലെ വൈദ്യുത പദ്ധതികളിൽ നിന്നാണ്. നാടുകാണി മലമുകളിൽ നിന്ന് 750 മീറ്റർ താഴ്ചയിലുള്ള മൂലമറ്റം ഭൂഗർഭ വൈദ്യുത നിലയം ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. പെരിയാർ നദിയാണ് ഇടുക്കിയുടെ പ്രധാന ജലസ്രോതസ്. അണക്കെട്ടുകളുടെ നാടായ ഇടുക്കിയിൽ 17 ഓളം ചെറുതും വലുതുമായ ഡാമുകളുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി ഡാം, ലോവർപെരിയാർ എന്നിവ പെരിയാറിനു കുറുകെയുള്ള ഡാമുകളാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഇടുക്കിയിലാണ്. ചെറുതും വലുതുമായ അഞ്ഞൂറോളം സിനിമകൾക്കും ഇടുക്കിയുടെ പശ്ചാത്തലം ദൃശ്യചാരുത പകർന്നു. സഞ്ചാരികൾക്ക് നവ്യാനുഭവമേകുന്ന നിരവധി പ്രദേശങ്ങളാണ് ജില്ലയിലുള്ളത്.