ചെറുതോണി: വീട്ടമ്മയെും മകളെയും കാണാതായതായി ബന്ധുക്കളുടെ പരാതിയിൽ മുരിക്കാശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രാജമുടി പുതിയവീട്ടിൽ സൂസമ്മ (62), മകൾ ആഷ്‌ന (26) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് നാലുവരെ ഇരുവരും വീട്ടിലുണ്ടായിരുന്നു. മൂന്നുമക്കളും അപ്പനും അമ്മയുമടങ്ങുന്ന കുടുംബാംഗങ്ങൾ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇന്നലെ നാലേകാലോടെ ഇളയമകൻ വീട്ടിലെത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന് മനസിലാക്കുന്നത്. വീട്ടിൽ ഉപയോഗിച്ചിരുന്ന ഡ്രസുകളല്ലാതെ മറ്റൊന്നും കൊണ്ടുപോയിട്ടില്ല. ഇവർ ഉപയോഗിച്ചിരുന്ന ഫോണും കൈവശമുണ്ടായിരുന്ന പണവും വീട്ടിൽ തന്നെയുണ്ട്. എന്നാൽ ഇവരുടെ പക്കലുണ്ടായിരുന്ന സ്വർണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ സമയം മുതൽ നാട്ടുകാരും ബന്ധുക്കളും സമീപപ്രദേശങ്ങൾ മുഴുവൻ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനത്തിൽ കയറിപ്പോയതായി ആരും കണ്ടിട്ടില്ല. സൂസമ്മയുടെ കാലിന് പരിക്കുപറ്റിയതിനാൽ കൂടുതൽ നടക്കാൻ കഴിയില്ല. കുടുംബപ്രശ്‌നങ്ങളും അയൽവാസിയുമായുണ്ടായ അതിര് തർക്കവും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് മുരിക്കാശേരി എസ്.ഐ ഏണസ്റ്റ് ജോൺസൺ പറഞ്ഞു.