മുട്ടം: കോടതിയിൽ മദ്യപിച്ച് ബഹളം വെച്ച കഞ്ഞിക്കുഴി പഴയരിക്കണ്ടം പുതുവിള പുത്തൻവീട്ടിൽ സന്തോഷിനെ 10 ദിവസത്തേക്ക് മുട്ടം അഡ്ഹോക് കോടതി റിമാന്റ് ചെയ്തു. സന്തോഷിനെതിരെ ഭാര്യ നൽകിയ പരാതിയുടെ വിസ്താരത്തിനായി മുട്ടം കോടതിയിൽ എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതിക്കവലയിൽ നിന്ന് റോഡിലൂടെ വന്ന സന്തോഷ്‌ ആട്ടോറിക്ഷക്കാരോടും കോടതി വരാന്തയിൽ നിന്ന അഭിഭാഷകരോടും പുലഭ്യം പറഞ്ഞ് കയർത്ത് സംസാരിച്ചിരുന്നു. സംഭവം അഡ്‌ഹോക് കോടതി ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മുട്ടം പൊലീസിനെ കോടതിയിലേക്ക് വിളിച്ച് വരുത്തി സന്തോഷിന്റെ പേരിൽ കേസ് എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സന്തോഷിനെ കസ്റ്റഡിയിലെടുത്ത് മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ 10 ദിവസം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. നിർദ്ദേശ പ്രകാരം ഉടൻ നടപടി സ്വീകരിച്ച മുട്ടം പൊലീസിനെ കോടതി പ്രത്യേകമായി അഭിനന്ദിച്ചു.