ചതുരംഗപാറ: സ്വകാര്യ വ്യക്തി വ്യാജ പട്ടയമുണ്ടാക്കി കൈയേറിയ റവന്യൂ ഭൂമി
സർക്കാർ ഏറ്റെടുത്തു. കേരള- തമിഴ്‌നാട് അതിർത്തിയായ ചതുരംഗ പാറയിൽ
കൈയേറിയ ഒമ്പതേക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദ് ചെയ്തത്. എറ്റെടുത്ത ഭൂമിയിൽ റവന്യൂ വകുപ്പ് ബോർഡും സ്ഥാപിച്ചു. ചതുരംഗപ്പാറ വില്ലേജിൽ തമിഴ്‌നാട് അതിർത്തി വേർതിരിക്കുന്ന 98/2 സർവേ നമ്പറിൽ ബ്ലോക്ക് നമ്പർ 18ൽ പെട്ട ഒമ്പതേക്കർ സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. ചതുരംഗപാറ നിവാസികളായ കൊച്ചുപറമ്പിൽ മത്തായി ചാക്കോ, കൊടിതോട്ടത്തിൽ പളനി സ്വാമി ചെട്ടിയാർ എന്നിവരുടെ പേരിൽ എൽ.എ 54/69, എൽ.എ 52/65 എന്നീ നമ്പരുകളിൽ വ്യാജ പട്ടയമുണ്ടാക്കി കെ.വി.എസ് ഫാംസ് എന്ന കമ്പനിക്ക് മറിച്ച് വിൽക്കുകയായിരുന്നു. ഇതിന് ശേഷം പട്ടയത്തിന്റെ നമ്പർ സംബന്ധിച്ച് സംശയം തീർക്കാൻ കെ.വി.എസ് ഫാംസ് എം.ഡി ബേബി ജോസഫ് വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷയിൽ പരിശോധന നടത്തുമ്പോളാണ് വ്യാജപട്ടയമാണെന്ന് കണ്ടെത്തുന്നത്. തുടർന്ന്
വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ നേരിട്ടെത്തി പരിശോധന നടത്തുകയും വ്യാജപട്ടയമുണ്ടാക്കി കൈയേറിയത് റവന്യൂ
ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തഹസിൽദാർ നൽകിയ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ പട്ടയം റദ്ദ് ചെയ്യുകയും
ഭൂമി ഏറ്റെടുക്കുന്നതിന് നിർദ്ദേശം നൽകുകയുമായിരുന്നു. തുടർന്നാണ് റവന്യൂ ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം ഏറ്റെടുത്തത്. സ്‌പെഷ്യൽ തഹസിൽദാർ എ.വി. തോമസ്, എച്ച്.സി. രാജ്കുമാർ, വില്ലേജ് ഓഫീസർ ബി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോർഡ് സ്ഥാപിച്ച് ഭൂമി ഏറ്റെടുത്തത്.
മറ്റ് കൈയേറ്റങ്ങളും പരിശോധിക്കും
ചതുരംഗപാറയിൽ ഇന്നലെ ഏറ്റെടുത്ത ഭൂമിയോട് ചേർന്ന സ്ഥലങ്ങളിലും കൈയേറ്റം നടന്നിട്ടുണ്ടോയെന്നും റവന്യൂ വകുപ്പ് പരിശോധിച്ച് വരികയാണ്.