വണ്ടിപ്പെരിയാർ: പെരിയാർ കടുവാസങ്കേതത്തിനുള്ളിൽ അതിക്രമിച്ചു കയറി ആദിവാസി ഊരുമൂപ്പനെയും ഇ.ഡി.സി ചെയർപേഴ്‌സൺ ചെയർപേഴ്‌സണേയും ആക്രമിച്ചതായി പരാതി. വഞ്ചി വയൽ ആദിവാസി കുടിയിലെ ഊരുമൂപ്പൻ അജയൻ (47), ഇ.ഡി.സി വനിത ചെയർപേഴ്‌സൺ ഗീതാ രമേഷ് (32) എന്നിവർ പരിക്കുകളോടെ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ശനിയാഴ്ച ഉച്ചയോടെ പെരിയാർ കടുവാസങ്കേതം വനത്തിലൂടെ വഞ്ചിവയൽ കോളനിയിലേക്ക് അപരിചിതരായ മൂന്ന് പേർ വനത്തിലുള്ളിലൂടെ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ആരാണെന്ന് ചോദിച്ചെങ്കിലും വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതോടെ ഇവരെ തടഞ്ഞുവച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വള്ളക്കടവ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. ഇതോടെ മൂവരും ചേർന്ന് ആദിവാസി ഊരുമൂപ്പനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. തങ്കമല എസ്‌സ്റ്റേറ്റ് വഴിയാണ് വഞ്ചി വയൽ കോളനിയിലേക്ക് മൂന്ന് അപരിചതർ വന്നത്.
വള്ളക്കടവിൽ നിന്ന് വനപാലകർ സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വനപാലകരുടെ അനുമതിയില്ലാതെയാണ് മൂന്ന് അംഗ സംഘം വനത്തിനുള്ളിൽ എത്തിയതെന്നാണ് വനപാലകർ നൽകുന്ന വിശദീകരണം. ഇതിനിടയിൽ ആദിവാസികൾ ആക്രമിച്ചതായി കാട്ടി മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. വഞ്ചി വയൽ കോളനിയ്ക്ക് സമീപമുള്ള കളിസ്ഥലം രണ്ടാഴ്ച മുമ്പ് വനം വകുപ്പ് അറ്റകുറ്റപണി നടത്തിയിരുന്നു. വനത്തിനുള്ളിൽ നടത്തിയ പണികളെപ്പറ്റി പരാതികൾ ചിലർ നൽകിയിരുന്നു. വനം വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്നും ഗ്രൗണ്ടിന്റെ പടം എടുക്കാൻ വന്നതാണെന്നും ഇവർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.