muttam

തൊടുപുഴ: നിർമ്മാണം ഏകദേശം പൂർത്തിയായെങ്കിലും തുടർപ്രവർത്തികൾ മുടങ്ങിയതോടെ മുട്ടം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിലക്കുള്ള മാറ്റം അനിശ്ഛിതത്വത്തിലായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറികളിൽ ബാൻ ഏർപ്പെടുത്തിയതാണ് സ്തംഭനത്തിന്‌ കാരണമായി അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞ ഡിസംബറിൽ പുതിയ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യത്തക്ക വിധമായിരുന്നു നിർമ്മാണം ആരംഭിച്ചത്.

3500 സ്‌ക്വയർഫീറ്റിൽ ഇരുനിലകളിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി.എന്നാൽ ഓഫീസ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട് വേണ്ട തുടർ പ്രവർത്തികൾ പൂർണ്ണമായും സ്തംഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പണി മുടങ്ങിക്കിടക്കുകയാണ്

. നിലവിലെ സ്റ്റേഷൻ നിലനിറുത്തിയാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനനുസരിച്ച് പഴയ കെട്ടിടം ജീവനക്കാർക്കുള്ള ക്വാട്ടേഴ്‌സായി മാറ്റാനാണ് തീരുമാനം. കാലപഴക്കത്താൽ നാശത്തിന്റെ വക്കിലെത്തിയ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം വേണമെന്നുള്ളത് വർഷങ്ങളായിട്ടുള്ള ആവശ്യമായിരുന്നു. ഇത് സംബന്ധിച്ച് പ്രാദേശികമായി വിവിധ സംഘടനകൾ മാറി മാറി വന്ന സർക്കാരിൽ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 85 ലക്ഷം രൂപ പുതിയ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചത്. 68 സെന്റ് സ്ഥലമാണ് പൊലീസ് സ്റ്റേഷനുള്ളത്.

നിർമാണചുമതല 'സിൽക്കിന്". സർക്കാരിന്റെ അംഗീകൃത ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരളയ്ക്കാണ് (സിൽക് ) പുതിയ സ്റ്റേഷന്റെ നിർമ്മാണ ചുമതല. സിൽക്ക് ഉപകരാർ നൽകിയിരിക്കുന്ന എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ജില്ലയിൽ ഉടുമ്പഞ്ചോലയിലെയും കുളമാവിലെയും പൊലീസ് സ്റ്റേഷനുകളുടെ നിർമ്മാണവും സിൽക്കിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ഒരു കോടി രൂപ വീതമാണ് ഇതിന്റെ നിർമ്മാണ ചെലവ്.

ഔട്ട് പോസ്റ്റിൽനിന്നും

പൊലീസ് സ്റ്റേഷനിലേയ്ക്ക്

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 2016 ജനുവരി 12 നാണ് മുട്ടം ഔട്ട് പോസ്റ്റിനെ പൊലീസ് സ്റ്റേഷനായി ഉയർത്തിയത്. സ്റ്റേഷനായി ഉയർത്തിയെങ്കിലും സ്ഥലപരിമതി മൂലം ഇവിടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥ ദുരിതമായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ സ്ഥലപരിമിതി കാരണം റോഡരികിലും കടകളുടെ വരാന്തയിലുമാണ് നിന്നിരുന്നത്. മഴ പെയ്താൽ അവസ്ഥമോശമാകും. മേൽക്കൂരയുടെ ചോർച്ച പ്രശ്നമാണ്. ഇടുങ്ങിയ സ്ഥലത്ത് ജോലി ചെയ്യുന്ന വനിതകളായ ഉദ്യോഗസ്ഥർക്കും ഏറെ ദുരിതമായിരുന്നു. വനിതകളുൾപ്പെടെ 36 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്.

അത്യാധുനിക സൗകര്യങ്ങൾ

എസ്.എച്ച്.ഒ, എസ്.ഐ, എ.എസ്.ഐ, റൈറ്റർ എന്നിവർക്കുള്ള റൂം  ഫ്രണ്ട് ഓഫീസ്, എട്ടോളം ശുചിമുറികൾ, ഉദ്യോഗസ്ഥർക്കുള്ള വിശ്രമ കേന്ദ്രം.  ആംസ് റൂം, റെക്കാഡ് ഫയൽ റൂം  പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക ലോക്കപ്പുകൾ  തൊണ്ടിമുതൽ സൂക്ഷിക്കാനുള്ള റൂം, കൺട്രോൾ റൂം