തൊടുപുഴ: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരാർ ജോലികൾ നടക്കാത്തതിനാൽ നഗരസഭയിലെ വിവിധ വാർഡുകളിലെ ഭൂരിഭാഗം ജോലികളും മുടങ്ങിക്കിടക്കുകയാണെന്ന ആക്ഷേപവുമായി കൗൺസിലർമാർ രംഗത്ത്. റോഡ് ടാറിംഗ്, കോൺക്രീറ്റ്, ടൈൽ വിരിക്കലടക്കമുള്ള ജോലികളാണ് മുടങ്ങിക്കിടക്കുന്നത്. അതേ സമയം ചില കൗൺസിലർമാരുടെ വാർഡുകളിൽ ജോലികൾ നടക്കുന്നുണ്ട്. ഇത് ആക്ഷേപത്തിനിടയാക്കുകയാണെന്ന് കൗൺസിലർ എ.എം. ഹാരിദ് പറഞ്ഞു. 30 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പണം ലഭിക്കാത്തതിനാൽ പല കരാറുകാരും മുന്നോട്ടു വരുന്നില്ല. വാർഡുകളിൽ ജോലികൾ നടക്കാത്തത് കൗൺസിലർമാരുടെ കുഴപ്പമാണെന്ന തരത്തിലാണ് ഇപ്പോൾ ആക്ഷേപങ്ങൾ ഉയരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ചെയർപേഴ്‌സൻ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി മറ്റ് കൗൺസിലർമാരും രംഗത്ത് വന്നതോടെ കോൺട്രാക്ടർമാരുടെ യോഗം വിളിച്ചു ചേർത്ത് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ചെയർപേഴ്‌സൺ ജെസി ആന്റണി പറഞ്ഞു.
വ്യക്തിതാത്പര്യമെന്ന് വൈസ് ചെയർമാൻ
ചെയർപേഴ്സന് വ്യക്തി താത്പര്യമാണെന്ന് വൈസ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. കാഞ്ഞിരമറ്റം വ്യവസായ എസ്റ്റേറ്റിൽ ഷ്രെഡിംഗ് യൂണിറ്റിന് സമീപം വാടകയ്ക്ക് നൽകിയിരിക്കുന്ന മുറി പ്ലാസ്റ്റിക് സംഭരിക്കാൻ ഏറ്റെടുക്കുന്ന സംബന്ധിച്ച ചർച്ച കൗൺസിലിൽ വന്നപ്പോഴായിരുന്നു വൈസ് ചെയർമാന്റെ പരാമർശം. തനിക്ക് ഒരു കാര്യത്തിലും വ്യക്തി താത്പര്യമില്ലെന്നും വിഷയം സ്റ്റിയറിംഗ് കമ്മിറ്റി പഠിച്ചിട്ട് തീരുമാനമെടുത്താൽ മതിയെന്നും ജെസി ആന്റണി മറുപടി നൽകി. ചെയർപേഴ്സൺ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്ന് ഇതിന് മുമ്പും വൈസ് ചെയർമാൻ ആരോപിച്ചിട്ടുണ്ട്.
മുനിസിപ്പൽ മൈതാനം പാർക്കിംഗിന് നൽകില്ല
തൊടുപുഴ നഗരസഭയിൽ ഗാന്ധി സ്‌ക്വയറിലുള്ള മുനിസിപ്പൽ മൈതാനത്ത് പരിപാടികൾ ഇല്ലാത്ത സമയം വാഹന പാർക്കിംഗിനായി തുറന്നു നൽകണമെന്നും ബാബു പരമേശ്വരൻ അവതാരകനായും കെ. ഗോപാലകൃഷണൻ അനുവാദകനായും കൗൺസിലിൽ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാൽ തത്കാലം തുറന്നു നൽകുന്നില്ലെന്നും ഗ്രില്ല് നിർമിച്ചും റൂഫ് ഘടിപ്പിച്ചും വ്യത്യസ്ത പരിപാടികൾക്കായി ഇത് പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.