vagamon
വാഗമണ്ണിൽ ബസ് സ്റ്റാൻഡിനായി നീക്കിയിട്ടിരിക്കുന്ന സ്ഥലം.

റവന്യു വകുപ്പ് നൽകിയ സ്ഥലം വെറുതേ കിടക്കുന്നു

കട്ടപ്പന: പേരുകേട്ട വിനോദസഞ്ചാരകേന്ദ്രമാണ് , എന്നാൽ ഇവിടെയാരു ബസ് സ്റ്റാന്റ് നിർമ്മിക്കുന്നതിൽ ഇനിയും നടപടിയായില്ല.വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ സഞ്ചാരികളുടെ വർധിച്ചിട്ടും ടൗൺ ബസ് സ്റ്റാൻഡ് നിർമാണമാണ് അനിശ്ചിതത്വത്തിലായത്. കോലാഹലമേട്ടിൽ അഡ്വഞ്ചർ പാർക്ക് പ്രവർത്തനമാരംഭിച്ചതോടെ അവധിദിനങ്ങളിൽ സന്ദർശകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമില്ല. കൂടാതെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ടൗണിനെ കുരുക്കിലാക്കുന്നു.
ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വാഗമൺതൊടുപുഴ റോഡിനോടു ചേർന്നുള്ള 24 സെന്റ് ഭൂമി ബസ് സ്റ്റാൻഡ് നിർമാണത്തിനായി റവന്യു വകുപ്പ് അനുവദിച്ചിരുന്നു. തുടർന്ന് 2015 നവംബർ ഒന്നിന് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശ് നിർമാണോദ്ഘാടനം നടത്തി സ്ഥലം അനുവദിച്ചുള്ള സമ്മതപത്രം കൈമാറി. എന്നാൽ തുടർനടപടികൾ ഒന്നുമുണ്ടായില്ല. ബസ് സ്റ്റാൻഡിനു പുറമേ കംഫർട്ട് സ്‌റ്റേഷൻ, കാത്തിരിപ്പുകേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ നിർമിക്കാൻ റവന്യു വകുപ്പ് വിട്ടുനൽകിയ ഭൂമി അപര്യാപ്തമാണ്.
. വാഗമൺ സന്ദർശിച്ച് ടൗണിലൂടെയാണ് ആളുകൾ തൊടുപുഴ ഭാഗത്തേയ്ക്കും ഉപ്പുതറ വഴി മൂന്നാർ, തേക്കടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നത്. ഈ റൂട്ടുകളിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ടൗണിൽ തിരക്കേറി. എന്നാൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമില്ല.
ദിവസവും വാഗമണ്ണിലെത്തുന്ന അൻപതിൽപ്പരം കെ.എസ്.ആർ.ടി.സിസ്വകാര്യ ബസുകൾ വാഗമൺ പഴയചന്തയിലാണ് തിരിക്കുന്നത്. സ്റ്റാൻഡില്ലാത്തതിനാൽ ടാക്സി വാഹനങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ പാർക്ക് ചെയ്യേണ്ടിവരുന്നു. സന്ദർശകരുടെ തിരക്കേറുന്ന സമയങ്ങളിൽ ടൗൺ കുരുക്കിലാകും.
ഓട്ടോറിക്ഷകൾ എസ്ബിഐ ജംഗ്ഷനിൽ പാതയോരത്തും ടാക്സി വാഹനങ്ങൾ കാത്തിരിപ്പുകേന്ദ്രത്തിനു സമീപവുമാണ് പാർക്ക് ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും ഇവിടങ്ങളിൽ യാത്രക്കാരുടെയും വിദ്യാർഥികളുടെയും തിരക്ക് വർദ്ധിക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിന്റെ ഒരുവശത്ത് ടാക്സി വാഹനങ്ങളും മറുഭാഗത്ത് ഓട്ടോറിക്ഷകളും മറ്റിടങ്ങളിൽ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ടൗണിലെ ഗതാഗതംതന്നെ സ്തംഭിക്കുന്ന അവസ്ഥയാണ്.