ഇടുക്കി : ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യാന്തര യാത്രികർ വഴി രോഗം എത്താനുള്ള സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചൈനയിൽ നിന്നും എത്തിയവർക്ക് ഈ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഇടുക്കി ജില്ലാ സർവൈലൻസ് ഓഫീസർ ( ഫോൺ 9495962691) എപ്പിഡെമിയോളജിസ്റ്റ് ( ഫോൺ 9544409240) എന്നിവരെ ഫോൺ വഴി വിവരം അറിയിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ തേടേണ്ടതുമാണ്. എത്രയും പെട്ടെന്ന് തന്നെ യാത്രാവിവരവും രോഗലക്ഷണങ്ങളും അറിയിക്കണം.
മുൻകരുതലുകൾ:
രോഗമുള്ളപ്പോൾ യാത്ര ചെയ്യാനോ പൊതുസ്ഥലങ്ങളിൽ പോകാനോ പാടില്ല. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല, തോർത്ത് മുതലായവ കൊണ്ട് മൂടണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം, പൊതുസ്ഥലത്ത് തുപ്പുന്നത് കർശനമായി ഒഴിവാക്കണം, ചൈനയിലേക്ക് (പ്രത്യേകിച്ച് വുഹാൻ) യാത്ര പരമാവധി ഒഴിവാക്കണം.