alamara

വെള്ളിയാമറ്റം : ആദിവാസി മേഖലകളിൽ ബാങ്കിങ് ബോധവൽക്കരണ ക്ലാസും സഹായ വിതരണവും നടത്തി.പൂമാല, നാളിയാനി, കൂവക്കണ്ടം എന്നിവിടങ്ങളിലാണ് റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽക്ളാസ് നടത്തിയത്. ആദിവാസികളുൾപ്പെടെയുള്ളവരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് തുറപ്പിക്കാനാവുമെന്നും ഇവരിൽ സമ്പാദ്യ ശീലം വളർത്തുകയുമാണ് ലക്ഷ്യം.വിദ്യാർഥികൾക്ക് ബാങ്കിങ്ങിനെ അടുത്തറിയുന്നതിനായി പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇതോടൊപ്പം
സ്‌കൂളിലെ ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ആറ് അലമാരകൾ സംഭാവന ചെയ്തു. ആരോഗ്യ മേഖലയിലെ സേവനവുമായി ബന്ധപ്പെട്ട് പൂമാല പി.എച്ച്.സി., നാളിയാനി ആയുർവേദ ഡിസ്‌പെൻസറി എന്നിവിടങ്ങളിലെത്തുന്ന രോഗികൾക്ക് ഇരിക്കുന്നതിനാവശ്യമായ കസേരകളും അധികൃതർ കൈമാറി. വിവിധയിടങ്ങളിലായി നടന്ന യോഗങ്ങളിൽ റിസർവ് ബാങ്ക് ഡിസ്ട്രിക്ട് ലെവൽ ഓഫീസർ സെലീമ്മ.ജെ. ജോസഫ് പദ്ധതി വിശദീകരണം നടത്തി.
ലീഡ് ബാങ്ക് മാനേജർ (യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ) ജി. രാജഗോപാൽ, തൊടുപുഴ അമൂല്യ സാമ്പത്തിക സാക്ഷരതാ കേന്ദ്രത്തിലെ ടി.എസ്. സുധാകരൻ പിള്ള എന്നിവർ ക്ലാസ് നയിച്ചു.
വെള്ളിയാമറ്റം പഞ്ചായത്തംഗം കെ.കെ.രാഘവൻ , പൂമാല ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ എസ്. ഗീതാകുമാരി,
ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ.ദിലീപ് കുമാർ, ശ്രീശബരീശ കോളേജ് കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ സെന്റർ പ്രോഗ്രാം കോ.ഓർഡിനേറ്റർ കരിഷ്മ അജേഷ് എന്നിവർ സംസാരിച്ചു.