300 കിലോയിലധികം ഏലക്ക മോഷ്ടിച്ചു

നെടുങ്കണ്ടം: വാടക വീട്ടിൽ താമസിച്ച് ഏട്ട് മാസത്തിലേറെ ഏലക്കാ മോഷണം നടത്തിയ മൂന്നംഗ കുടുംബത്തെ പൊലീസ് പിടികൂടി. കൂട്ടാർ ഒറ്റക്കട ലക്ഷ്മി നിവാസ് വീട്ടിൽ ദേവേന്ദ്രൻ (41), ഭാര്യ ബിന്ദു ദേവേന്ദ്രൻ (40) ബിന്ദുവിന്റെ മകൻ അഭിജിത് ജോൺസൺ (20)എന്നിവരെ തമിഴ്‌നാട് തേവാരത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: ദേവേന്ദ്രൻ തമിഴ്‌നാട് സ്വദേശിയാണ്. മലയാളിയായ ബിന്ദുവിനെ ദേവേന്ദ്രൻ രണ്ടാമത് വിവാഹം കഴിച്ചതാണ്. ആദ്യ വിവാഹത്തിൽ ബിന്ദുവിന് ഉണ്ടായ മകനാണ് അഭിജിത്. പുല്ല് ചെത്താനെന്ന വ്യാജേന ഏലത്തോട്ടങ്ങളിൽ എത്തി എലത്തിന്റെ ശരം വെട്ടി മാറ്റും. ഇത് പുല്ലിനിടിയിൽ വെച്ച് കെട്ടി ബൈക്കിൽ ദേവേന്ദ്രനും അഭിജിത്തും ചേർന്ന് വീട്ടിൽ എത്തിക്കുകയായിരുന്നു പതിവ് . ബിന്ദുവിന്റെ സഹായത്തോടെ ശരത്തിൽ നിന്ന് ഏലക്കാ വേർപെടുത്തിയെടുക്കും. പിന്നീട് നെടുങ്കണ്ടം, തൂക്കുപാലം മേഖലകളിൽ കൊണ്ട് വന്ന് വിൽക്കും. കഴിഞ്ഞ 12ന് മോഷ്ടിച്ച ഏലക്കായുമായി ബൈക്കിൽ എത്തിയ ഇവരെ നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് വാഹനം ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച തേവരാത്ത് നിന്ന് പിടികൂടുകയായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മോഷ്ടിച്ച ശരങ്ങൾ മിനി ലോറിയിൽ കയറ്റാവുന്നത്ര വാടക വീട്ടിന്റെ സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഇവ ചാണകവും ചപ്പും ഉപയോഗിച്ച് മറച്ചിരുന്നു. 300 കിലോയിലധികം ഏലക്ക മോഷ്ടിച്ചതായാണ് പ്രാഥമിക നിഗമനം. കൂട്ടാർ, കമ്പംമെട്ട് മേഖലയിൽ ശരമടക്കം ഏലക്കാ മോഷണം പോയ നിരവധി പരാതിയാണ് കമ്പംമെട്ട് പൊലീസിന് ലഭിച്ചിരുന്നത്. ഇതിനിടയിലാണ് നാട്ടുകാർ ഇവരെ പിടികൂടുന്നത്. കമ്പംമെട്ട് സി. ഐ ജി. സുനിൽകുമാർ, എസ്.ഐ വി.ആർ. ഹരിദാസ്, എ.എസ്‌.ഐ കെ. സജികുമാർ, സി.പി.ഒ എ.ജെ. വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.