തൊടുപുഴ: നഗരത്തിലെ ചില ഹോട്ടലുകളിൽ നിന്ന് ഓടകൾ വഴി നേരിട്ട് പുഴയിലേക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ നഗരസഭാ ആരോഗ്യവിഭാഗം തൊടുപുഴ- പാലാ റോഡിലും ഇടുക്കി റോഡിലും ഓടകളിൽ നടത്തിയ പരിശോധനയിലാണ് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തിയത്. അഞ്ചോളം സ്ഥാപനങ്ങൾ ഇത്തരത്തിൽ പുഴയിലേക്ക് മാലിന്യമൊഴുക്കുന്നതായി പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. ഇവർക്ക് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിക്കും. പുഴയിലേക്ക് വൻതോതിൽ മാലിന്യമൊഴുക്കുന്നെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. പല സ്ഥാപനങ്ങളിലും മാലിന്യസംസ്കരണ സംവിധാനമുണ്ടെങ്കിലും പ്രവർത്തനരഹിതമായിരുന്നു. എത്രയും വേഗം ഇവ പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ രമേശ് പറഞ്ഞു. എച്ച്.ഐമാരായ പ്രവീൺ, തൗഫീക്, ജെ.എച്ച്.ഐമാരായ അശ്വതി, സിജോ, കുര്യാക്കോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.