മൂലമറ്റം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു 7 പേർക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. പുത്തൻപുരയ്ക്കൽ മൈലമ്മ മാധവൻ(68), കോളക്കൽ ആനില ജോസഫ്, രതീഷ് ജയശേഖർ (31) വാഗമൺ കണ്ടായിശേരിൽ അമൽ (18), വാഗമൺ രജനീഭവൻ രാമചന്ദ്രൻ (67), ഏലപ്പാറ വാഴക്കാലായിൽ മണിയമ്മ (38) ദയാമോൾ (17) എന്നിവർക്കാണ് പരുക്കേറ്റത്. ബസിൽ 59 യാത്രക്കാരുണ്ടായിരുന്നു. ഇന്നലെ രാവിലെ 5.30ന് കുമളിയിൽ നിന്നും തൊടുപുഴയ്ക്ക് വരുന്ന കെഎസ്ആർടി ബസ് രാവിലെ 8 മണിയോടെ പുളിക്കാനം- തൊടുപുഴ റോഡിൽ ഡിസി കോളേജിനു സമീപത്തു വച്ച് കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. ഇറങ്ങി വരുകയായിരുന്ന ബസിന്റെ വേഗം കൂടിയപ്പോൾ നിയന്ത്രിക്കുന്നതിനായി ബ്രേക്ക് ചവിട്ടിയെങ്കിലും ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. 150 മീറ്ററോളം മുന്നോട്ടുപോയ ബസ് പാറയോടു കൂടിയ തിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവർ ഷിബു ജോസിന്റെ മനസാനിധ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം വഴിമാറിയത്. സ്ത്രീകളും കുട്ടികളും, വിദ്യാർഥികളുമടക്കം ബസിൽ 59 യാത്രക്കാരും ഡ്രൈവറും കണ്ടക്ടർ നിബു ജോസും ബസിലുണ്ടായിരുന്നു. റോഡിനു ഒരു വശം വലിയ കൊക്കയാണുള്ളത്. ബസ് ഇടിച്ചു നിർത്തിയതിനാൻ ഒഴിവായത് വൻ ദുരന്തമാണ്. യാത്രികരിൽ ചിലർക്ക് നിസാര പരുക്കുകളേറ്റു. തൊടുപുഴ- മൂലമറ്റം, മുട്ടം ഭാഗത്തക്ക് രാവിലെ എത്താനുള്ളവർ ആശ്രയിക്കുന്നത് ഈ ബസിനെയാണ്.