വണ്ണപ്പുറം:110 കെ.വി സബ്സ്റ്റേഷൻ ഉണ്ടായിട്ട് എന്ത് കാര്യം. വണ്ണപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ഇപ്പോഴും മിന്നിമറയുകയാണ്. കാളിയാർ കെ.എസ്.ഇ.ബിയുടെ പരിധിയിലുള്ള മേഖലകളിൽ അറ്റകുറ്റപ്പണികൾക്കായി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നത് ജനത്തെ വലയ്ക്കുകയാണ്. വണ്ണപ്പുറം ടൗണിലും സമാനസ്ഥിതിയാണ്. വിവിധ സംഘടനകളും വ്യക്തികളും പരാതി നൽകിയെങ്കിലും കാളിയാർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. അറ്റകുറ്റ പ്പണികൾക്കായി വൈദ്യുതി വിതരണം നിർത്തിവയ്ക്കുമ്പോൾ മുൻ കാലങ്ങളിൽ പത്രമാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു.എന്നാൽ ഏതാനും നാളുകളായിട്ട് ഇത്തരത്തിലുള്ള അറിയിപ്പ് നൽകുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തന്നെ നിരവധി തവണയാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങിയത്. മാത്രമല്ല, ടച്ചുകൾ വെട്ടുന്നതുപോലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. വൈദ്യുതി മുടക്കിയിട്ടും ജോലികൾ പൂർത്തിയാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വൈദ്യുതിലൈനിൽ നിന്ന് അപ്രതീക്ഷിതമായി വോൾട്ടേജ് കൂടിവരുന്നത് ഗൃഹോപകരണങ്ങൾ തകരാറിലാക്കുന്നുണ്ട്. വഴിവിളക്കുകൾ പ്രവർത്തിക്കാത്തത് സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിക്കാനും കാരണമായിട്ടുണ്ട്. വൈദ്യുതിമുടക്കം സംബന്ധിച്ച് കെ.എസ്.ഇ.ബി ഓഫീസിൽ അന്വേഷിക്കുമ്പോൾ ലഭിക്കുന്ന മറുപടി തൃപ്തികരമല്ല.സബ്സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കാളിയാർ സെക്ഷനിലെ ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുന്നതല്ലാതെ കൃത്യമായി ഒരു മറുപടി ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.