തൊടുപുഴ: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ. അനിൽകുമാർ വിധിച്ചു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വാഗമൺ സ്വദേശിനിയായ പെൺകുട്ടിയെ അയൽവാസിയായ വാഗമൺ കൂടത്തുമന വീട്ടിൽ ശ്രീനി (31) നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. രണ്ടു വർഷത്തിന് ശേഷം സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. തുടർന്ന് വിവരം പൊലീസിന് കൈമാറി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി മുട്ടം ജില്ലാ ജയിലിൽ റിമാൻഡിലാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി വാഹിദ ഹാജരായി.