തൊടുപുഴ: നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാത്തതിനെതിരെ തൊടുപുഴ റസിഡൻസ് അപ്പക്‌സ് കൗൺസിൽ (ട്രാക്ക്) രംഗത്ത്. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിലും കൃത്യവിലോപം കാണിക്കുന്ന ട്രാഫിക് ക്രമീകരണ സമിതിയുടെയും സമിതിയുടെ ചെയർമാൻ കൂടിയായ നഗരസഭാ ചെയർപേഴ്‌സന്റെയും നടപടികൾക്കെതിരെ ട്രാക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധകൂട്ടം സംഘടിപ്പിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടത്തിയ ജനകീയ ട്രാഫിക് ലോക് അദാലത്ത് തീരുമാനങ്ങൾക്ക് ട്രാഫിക് ക്രമീകരണ സമിതിയും സമിതി ചെയർമാൻ കൂടിയായ മുനിസിപ്പൽ ചെയർപേഴ്‌സണും അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നാണ് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ചാണ് നാളെ രാവിലെ 10ന് മുനിസിപ്പൽ ഓഫീസിനു മുമ്പിൽ പ്രതിഷേധ കൂട്ടം സംഘടിപ്പിക്കുന്നത്. ട്രാക്ക് പ്രസിഡന്റ് ജയിംസ് ടി. മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ബാർ കൗൺസിൽ മെമ്പർ അഡ്വ. ജോസഫ് ജോൺ പ്രതിഷേധ കൂട്ടം ഉദ്ഘാടനം ചെയ്യും. മുൻ മുൻസിപ്പൽ ചെയർമാന്മാരായ രാജീവ് പുഷ്പാംഗദൻ, എ. എം. ഹാരിദ്, ഐ.എം.എ പ്രസിഡന്റ് ഡോ. സി.വി. ജേക്കബ് തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ട്രാക്ക് സെക്രട്ടറി സണ്ണി തെക്കേക്കര, ട്രഷറർ എൻ.പി. പ്രഭാകരൻ, മുൻ പ്രസിഡന്റ് എം.സി. മാത്യു, വൈസ് പ്രസിഡന്റ് അഡ്വ. രവീന്ദ്രനാഥ്, മങ്ങാട്ടുകവല മേഖലാ സെക്രട്ടറി പി.എസ്. ഇസ്മായിൽ, കാഞ്ഞിരമറ്റം ഹരിശ്രീ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുജദേവി. എൻ എന്നിവർ പങ്കെടുത്തു.

ആവശ്യങ്ങൾ ഇവ

• ബൈപ്പാസ് റോഡുകൾ പ്രയോജനപ്പെടുത്തി ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കുക
• കാൽനടയാത്രക്കാരുടെ അവകാശം സംരക്ഷിക്കുക
• ആവശ്യമുള്ളിടത്ത് വൺവേ സംവിധാനം ഏർപ്പെടുത്തുക.
• അനധികൃത പാർക്കിംഗ് നിരോധിക്കുക (പേ ആൻഡ് പാർക്ക് ശക്തിപ്പെടുത്തുക )
• ഹൈക്കോടതി നിർദ്ദേശപ്രകാരം ഓട്ടോറിക്ഷ സ്റ്റാൻഡുകൾ ക്രമീകരിക്കുക.
• പ്രധാന ജംഗ്ഷനുകളിൽ കുരുക്ക് ഒഴിവാക്കാൻ സൗകര്യം ഏർപ്പെടുത്തുക.
• മാർഗ തടസം സൃഷ്ടിക്കുന്ന ബസ് സ്റ്റോപ്പുകൾ പുനർനിർണയിക്കുക
• വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക
• ദിശാ ബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സീബ്രാലൈൻ, സ്പീഡ് നിയന്ത്രണ ഉപാധികൾ എന്നിവ ക്രമീകരിക്കുക