കുമളി: മുല്ലപ്പെരിയാർ ഡാമിന്റെ ബലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതാധികാര സമിതി വിലയിരുത്തി. അണക്കെട്ടിൽ നിന്നുള്ള സ്വീപ്പേജ് വെള്ളത്തിന്റെ അളവ് മിനിറ്റിൽ 35ലിറ്ററാണ്. ഇത് സാധാരണ അളവാണെന്നും സമിതി വിലയിരുത്തി.കേന്ദ്ര ജല കമ്മിഷൻ അംഗം ഗുൽഷൻ രാജ് ചെയർമാനും കേരള പ്രതിനിധി ബി. അശോകൻ, തമിഴ്‌നാട് പ്രതിനിധി കെ. മണിവാസൻ എന്നിവർ അംഗങ്ങളുമായ സമിതി ഇന്നലെ രാവിലെ പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. 2, 4 നമ്പർ ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. എട്ടു മാസങ്ങൾക്കു ശേഷമാണ് സന്ദർശനം.ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ വേണമെന്ന് കേരളം വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. മഹാപ്രളയകാലത്ത് തകർന്ന വള്ളക്കടവ്- മുല്ലപ്പെരിയാർ വഴിയുടെ പുനർ നിർമാണം, അണക്കെട്ടിലേക്കുള്ള വൈദ്യുതീകരണം എന്നീ ആവശ്യങ്ങളാണ് തമിഴ്‌നാട് ഉന്നയിച്ചത്. പെരിയാർ ടൈഗർ റിസർവിന്റെ പ്രധാന മേഖലയിലൂടെ റോഡും വൈദ്യുതി ലൈനും കടന്നു പോകേണ്ടതിനാൽ ഇതിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ഉന്നതാധികാര സമിതി നിലപാടെടുത്തു. ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി സമീപത്തെ മരങ്ങൾ മുറിച്ചു മാറ്റണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.