തൊടുപുഴ: പള്ളിവാസൽ വില്ലേജിലെ മൂന്ന് റിസോർട്ടുകളുടെ തണ്ടപ്പേർ റദ്ദാക്കിയ കളക്ടറുടെ നടപടി സർക്കാരും റിസോർട്ട് ഉടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് യൂത്ത്കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് ബിജോ മാണി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഓഗസ്റ്റ് 22ലെ വിവാദ ഉത്തരവിന്റെ മറവിൽ തണ്ടപ്പേർ റദ്ദാക്കി ഇപ്പോഴുള്ള ഉടമകൾക്ക് തന്നെ റിസോർട്ടുകൾ പാട്ടത്തിന് നൽകാനാണ് നീക്കം. 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം ഈ ഭൂമി ഉൾപ്പെടുന്ന ബ്ലോക്ക് നമ്പർ 15ൽ പട്ടയമേ നൽകാൻ കഴിയില്ല. യഥാർത്ഥത്തിൽ കളക്ടർ ചെയ്യേണ്ടിയിരുന്നത് റദ്ദ് ചെയ്ത തണ്ടപ്പേരിലെ പട്ടയം നിയമപരമാണോയെന്ന് പരിശോധിച്ച് വ്യാജ പട്ടയം റദ്ദ് ചെയ്യുകയായിരുന്നു. വ്യാജമെന്ന് കണ്ടെത്തി പട്ടയം റദ്ദ് ചെയ്താൽ ഈ ഭൂമിയിലെ നിർമ്മാണങ്ങൾ പാട്ടത്തിന് നൽകാൻ കഴിയില്ല. സർക്കാർ ഭൂമി തട്ടിയെടുത്തതിന് കൈയേറ്റക്കാർ തുടർ നിയമനടപടികൾ നേരിടേണ്ടിയും വരും. ഇത് ഒഴിവാക്കാനാണ് പട്ടയവ്യവസ്ഥകളുടെ ലംഘനത്തിന്റെ പേരിൽ കളക്ടർ നടപടി എടുത്തിരിക്കുന്നത്. ഇതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. മുൻ എം.പിയുടെ സഹോദരൻ വിറ്റ ഭൂമിയിലാണ് കളക്ടർ തണ്ടപ്പേർ റദ്ദ് ചെയ്ത രണ്ട് റിസോർട്ടുകളും. എന്നാൽ, വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ ഈ കാര്യം മനപ്പൂർവം മറച്ചുവച്ചതായും അദ്ദേഹം പറഞ്ഞു. യൂത്ത്കോൺഗ്രസ് നേതാക്കളായ മുകേഷ് മോഹൻ,​ അക്ബർ ടി.എൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.