ചെറുതോണി:കരാറുകാരന് പണം നൽകാത്തതിനാൽ ഇടുക്കി മെഡിക്കൽ കോളജിനോടനുബന്ധിച്ച് നിർമാണം നടത്തിയിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം നിറുത്തിവച്ചു. കിറ്റ്‌കോയ്ക്കാണ് നിർമാണച്ചുമതല. കിറ്റ്‌കോ മറ്റുള്ളവർക്ക് കരാർ നൽകിയാണ് നിർമാണം നടത്തിയിരുന്നത്. എന്നാൽ മാസങ്ങളായി ഫണ്ട് ലഭിക്കാത്തതിനെ തുടർന്നാണ് പണികൾ നിറുത്തിവച്ചത്. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ആറുവർഷംമുമ്പാണ് മെഡിക്കൽ കോളജാരംഭിച്ചത്. ആദ്യരണ്ടുവർഷം അൻപത് വീതം കുട്ടികൾക്ക് അഡ്മിഷൻ നൽകിയിരുന്നു. എന്നാൽ മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യവും കെട്ടിട നിർമാണവും വൈകിയതിനെ തുടർന്ന് ഇന്ത്യൻമെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെട്ടു. ഇതിനിടെ ഭരണമാറ്റവും നടന്നു. മൂന്നാം വർഷം മെഡിക്കൽ കൗൺസിൽ അുനവാദം നൽകാത്തതിനെത്തുടർന്ന് നിലവിലുണ്ടായിരുന്ന വിദ്യാർത്ഥികളെ മറ്റ് കോളജുകളിലേയ്ക്ക് മാറ്റി. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂത്തീകരിച്ച് മെഡിക്കൽ കോളജാരംഭിക്കുമെന്നുള്ള വാഗ്ദാനം മൂന്നുവർഷം കഴിഞ്ഞിട്ടും പൂത്തിയായിട്ടില്ല. അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും ഉപകരണങ്ങൾ വാങ്ങിയിട്ടില്ല. കഴിഞ്ഞവർഷം രണ്ടുതവണ മെഡിക്കൽ കൗൺസിൽ ഭാരവാഹികൾ പരിശോധന നടത്തിങ്കെിലും ഉദ്യോഗസ്ഥർ തൃപ്തരല്ല.
300 ബെഡുള്ള ആശുപത്രിയും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഐ.സി.യുവും ഉൾപ്പെടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയാൽ മാത്രമേ അനുവാദം ലഭിക്കുകയുള്ളൂ. ആവശ്യത്തിന് ഡോക്ടർമാരുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ എല്ലാ ഡിപ്പാർട്ടുമെന്റും പ്രവർത്തിക്കുന്നില്ല. ഈ വർഷം കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായില്ലങ്കിൽ അടുത്തവർഷവും മെഡിക്കൽ കോളജാരംഭിക്കാൻ കഴിയാത്തവസ്ഥയാണുള്ളത്. ഇതിനിടെയാണ് ഫണ്ടിന്റെ ലഭ്യതക്കുറവുമൂലം കരാറുകാർ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം നിറുത്തിവച്ചിരിക്കുന്നത്.