ആനയിറങ്കൽ: മ്ലാവിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ഗുരുതരപരിക്ക്. ആനയിറങ്കൽ സ്വദേശിനി മുരുകമ്മാളിനാണ് (48) പരിക്കേറ്രത്. പരിക്കേറ്റ തൊഴിലാളിയെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം. തേയില തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന മുരുകമ്മാളിനെ മ്ലാവ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തേയിലതോട്ടത്തിനിടയിലൂടെ നായ ഓടിച്ചു കൊണ്ടുവന്ന മ്ലാവാണ് ആക്രമണം നടത്തിയത്. ഇടിച്ചിട്ട ശേഷം മ്ലാവ് ദൂരേക്കോടി മറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മുരുകമ്മാളിന്റെ നടുവിന് പരിക്ക് സംഭവിച്ചു. ബോധരഹിതയായ മുരുകമ്മാളിനെ സഹതൊഴിലാളികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.