got
വെള്ളയാംകുടി മാടപ്പാട്ട് ബെന്നിയുടെ ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന നിലയിൽ.

കട്ടപ്പന: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആട് ചത്തു. വെള്ളയാംകുടി മാടപ്പാട്ട് ബെന്നിയുടെ ആടിനെയാണ് അടച്ചുറപ്പുള്ള കൂടിനുള്ളിൽ കയറി കടിച്ചുകൊന്നത്. രാവിലെ ബെന്നി കൂട്ടിലെത്തിയപ്പോൾ 15 ദിവസം മാത്രം പ്രായമുള്ള ആടിനെ നായ്ക്കൾ തിന്നുകയായിരുന്നു. നാല് ആട്ടിൻകുട്ടികളടക്കം ആറ് ആടുകളാണ് കൂട്ടിലുണ്ടായിരുന്നത്. പ്രദേശത്ത് മാസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം മുത്തോലിൽ റെജിയുടെ ആടിനെയും നായ്ക്കൾ ആക്രമിച്ചിരുന്നു. കാഞ്ചിയാർ പഞ്ചായത്തിലും നായശല്യം രൂക്ഷമാണ്. അഞ്ചുരുളി കുളത്തുങ്കൽ നീലകണ്ഠന്റെ പേവിഷബാധയേറ്റ നാല് ആടുകളെ കഴിഞ്ഞദിവസം കൊന്നുകളഞ്ഞിരുന്നു. പേപ്പട്ടിയുടെ കടിയേറ്റ ആടിന് തുടർച്ചയായ ദിവസങ്ങളിൽ കുത്തിവയ്പ്പ് നൽകിയെങ്കിലും പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയതോടെ അധികൃതരെ വിവരമറിയിച്ചു. രണ്ട് ആട്ടിൻകുട്ടികൾ ഉൾപ്പെടെ നാല് ആടുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം മുഴുവൻ ആടുകളെയും കൊന്നുകളയുകയായിരുന്നു. 70,000ൽപ്പരം രൂപയുടെ നഷ്ടമാണ് കുടുംബത്തിനുണ്ടായത്. മുൻകരുതലിന്റെ ഭാഗമായി വീട്ടിലുള്ള മുഴുവൻ അംഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പും നൽകി.
കഴിഞ്ഞ 14ന് ഇരട്ടയാർ പഞ്ചായത്തിൽ രണ്ടു പശുക്കൾ പേവിഷബാധയേറ്റ് ചത്തിരുന്നു. പുല്ലുമേയുന്നതിനിടെ കടിയേറ്റ പശുവിന് ചികിത്സ ലഭ്യമാക്കിയെങ്കിലും വൈകാതെ ചത്തു. ശാന്തിഗ്രാമിൽ തൊഴുത്തിൽ കയറിയാണ് പശുവിനെ പേപ്പട്ടി കടിച്ചത്. കടിയേറ്റ പശുവിനൊപ്പം തൊഴുത്തിലുണ്ടായിരുന്ന കിടാവും ചത്തു.