തൊടുപുഴ : മാലിന്യ നിർമ്മാർജ്ജനവും പ്രകൃതി സംരക്ഷണവും ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഹരിത കേരള മിഷൻ പ്രവർത്തനങ്ങളിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ പേരിൽ ഏർപ്പെടുത്തിയ ഹരിത അവാർഡ് 2019 ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടും ബി.ഡി.ഒ. സക്കീർ ഹുസൈനും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ റീസൈക്കിൾ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടത്തിയത്. ഇ.വെയിസ്റ്റ് ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ലീൻ കേരള കമ്പനിയുമായി കരാറായി. തൊഴിലുറപ്പു പദ്ധതിയിലൂടെയും കൃഷി വകുപ്പുമായി സഹകരിച്ച് തണ്ണീർത്തട സംരക്ഷണം, നെൽകൃഷി എന്നിവ വ്യാപിപ്പിച്ചു. കയർഭൂവസ്ത്രം ഉപയോഗിച്ച് തൊഴിലുറപ്പു പദ്ധതിയിലൂടെ സംരക്ഷണ ഭിത്തികൾ നിർമ്മിച്ചു. പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീൻ ഡ്രൈവ് എന്നിങ്ങനെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ഹരിത അവാർഡിനുവേണ്ടി ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ബ്ലോക്ക് പഞ്ചായത്താണ് തൊടുപുഴ.