തൊടുപുഴ : പഠനം ഉപേക്ഷിച്ച് വണ്ണപ്പുറം അടയ്ക്ക സംസ്‌കരണ ശാലയിൽ മാതാപിതാക്കൾക്കൊപ്പംഎത്തിയ അസ്സം സ്വദേശികളായ കുട്ടികൾ നാളെ വീണ്ടും സ്‌കൂൾ പ്രവേശനം നേടും.
അടയ്ക്ക യൂണിറ്റിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ രണ്ടുമാസം മുമ്പാണ് തങ്ങളുടെ കുട്ടികളോടൊപ്പം വണ്ണപ്പുറത്ത് ജോലിയ്‌ക്കെത്തിയത്. 5 മുതൽ 14 വയസ്സു വരെയുളള 36 കുട്ടികൾ ഇവരോടൊപ്പമുണ്ട്. ഗോഹട്ടിയ്ക്ക് സമീപം അവരുടെ ഗ്രാമത്തിൽ വിവിധ ക്ലാസ്സുകളിൽ പഠിച്ചു കൊണ്ടിരിയ്ക്കവേയാണ് അവർ മാതാപിതാക്കളോടൊപ്പം ഇവിടെയെത്തിയത്.
ബാലവേല ആരോപണം വാർത്തകളിൽ ഇടം തേടിയതിനെ തുടർന്ന് സമഗ്രശിക്ഷ ഇടുക്കി ജില്ലാ അധികൃതർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി സംസാരിച്ച് വണ്ണപ്പുറം എസ്.എൻ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഇവരുടെ തുടർ പ്രവർത്തനത്തിനുളള സൗകര്യങ്ങൾ ഒരുക്കി.
സെപ്തംബർ മാസത്തിൽ സ്റ്റെപ്പ്-3 എന്ന പദ്ധതിയിലൂടെ ജില്ലയിൽ സർവ്വേ നടത്തുകയും 242 കുട്ടികളെ വിവിധ സ്‌കൂളുകളിൽ ചേർക്കുകയും ചെയ്തിരുന്നു. എന്നാൽരണ്ട് മാസത്തിന് മുൻപ് ഇവിടെ എത്തിയ ഈ കുട്ടികളെ സ്‌കൂളിൽ ചേർത്തിരുന്നില്ല.
നാളെ പ്രവേശനം നേടുന്ന ഈ കുട്ടികളെ പ്രായമനുസരിച്ച് 2 ക്ലാസ്സുകളിലായി ഇരുത്തി സമഗ്രശിക്ഷയുടെ വിദ്യാഭ്യാസ വോളിണ്ടിയർമാരുടെ മേൽനോട്ടത്തിൽ പഠന പ്രവർത്തനങ്ങൾ നൽകും. ചിത്രകല, ക്രാഫ്റ്റ്, മ്യൂസിക് അധ്യാപകരുടെയും സേവനം നൽകുമെന്ന് സമഗ്രശിക്ഷാ അധികൃതർ അിറയിച്ചു.