തൊടുപുഴ: മദ്ധ്യവയസ്‌കനെ ബൈക്കിൽ കയറ്റികൊണ്ടു പോയി മർദിച്ചശേഷം പണവും മാലയും കവർന്ന് വഴിയിലിറക്കി വിട്ട കേസിൽ യുവാവ് അറസ്റ്റിൽ. കുമ്മംകല്ല് മലേപ്പറമ്പ് തൊട്ടിപ്പറമ്പിൽ ആമീ നാ(37) ണ് അറസ്റ്റിലായത്. കുമ്മംകല്ല് സ്വദേശി ശക്തിധരനെയാണ് മർദിച്ച ശേഷം കൈവശമുണ്ടായിരുന്ന 7860 രൂപയും സ്വർണം പൂശിയ മാലയും പൊട്ടിച്ചെടുത്തത്. ശക്തിധരന്റെ പരിചയക്കാരനായിരുന്ന ആമീൻ തൊടുപുഴയിൽ നിന്നും വീട്ടിൽ കൊണ്ടെവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വാട്ടർ അതോറിറ്റിറ്റിയുടെ ഗ്രൗണ്ടിൽ എത്തിച്ച ശേഷം ബൈക്ക് നിർത്തി മർദ്ദിച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം. രാത്രി തന്നെ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി ശക്തിധരൻ പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇന്നലെ ഉച്ചയോടെ പ്രതിയെ പിടികൂടി അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി.