കട്ടപ്പന: പട്ടയമേളയിൽ റവന്യു മന്ത്രി നടത്തിയ പരാമർശം അംഗീകരിക്കാനാവില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ഇടുക്കിയിലെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതികളിൽ നിലവിലുള്ള കേസുകളിൽ തീർപ്പുണ്ടായാൽ മാത്രമേ പരിഹാരമുണ്ടാകൂ എന്ന മന്ത്രിയുടെ നിലപാട് ശുദ്ധ അസംബന്ധമാണെന്ന് സമിതി പറയുന്നു. പുതിയ നിയമങ്ങൾ ഉണ്ടാക്കേണ്ടതും ഭേദഗതി വരുത്തേണ്ടതും നിയമ നിർമാണ സഭയാണ്. നിലവിലുള്ള നിയമങ്ങൾ വ്യാഖ്യാനിച്ചാണ് കോടതികൾ വിധി പറയുന്നത്. 1964ലെ ഭൂപതിവ് ചട്ടത്തിലെ പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇതു ഭേദഗതി ചെയ്യുന്നതിനു പകരം കോടതിവിധി കാത്തിരിക്കുന്നത് അസംബന്ധമാണ്. യഥാസമയം നടപടികളുണ്ടാകാത്തതിനാലാണ് ഭൂപ്രശ്‌നം കോടതി നടപടികളിലേക്കു നീങ്ങിയത്. 64ലെ ഭൂമിപതിവ് ചട്ടവുമായി ബന്ധപ്പെട്ട് കളക്ടർ റിസോർട്ടുകളുടെ പട്ടയം റദ്ദാക്കിയ നടപടി ഒരു സൂചനയാണ്.
നിർമാണ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സർവകക്ഷിയോഗം ചേർന്നിട്ട് ഒന്നരമാസം പിന്നിട്ടിട്ടും തുടർനടപടി ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്. ഉത്തരവിന്റെ പ്രത്യാഘാതം മലയോര മേഖലയെ ബാധിക്കുകയാണ്. ഭൂമിപതിവ് ചട്ടത്തിലെ നാലാംചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
പട്ടയത്തിനായി ഇപ്പോഴും പതിനായിരങ്ങൾ കാത്തുനിൽക്കുകയാണ്. ആറു പതിറ്റാണ്ടിലധികമായി കൈവശത്തിലുള്ള കല്ലാർകുട്ടി, പൊൻമുടി അണക്കെട്ടുകളുടെ 10 ചെയിൻ മേഖലയിലുള്ള ആർക്കും പട്ടയം നൽകിയിട്ടില്ല. മൂന്നുചെയിൻ പട്ടയം പ്രഖ്യാപനം മാത്രമായി. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയവും വാഗ്ദാനം മാത്രമായി. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് പണപ്പിരിവും നടക്കുന്നുണ്ടെന്നും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, കെ.കെ. ദേവസ്യ, രമണൻ പടന്നയിൽ, പി.സി. ഫിലിപ്പ് എന്നിവർ ആരോപിച്ചു.
രാഷ്ട്രീയം വിട്ട് സമിതി
കട്ടപ്പന: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി പിൻവാങ്ങുന്നു. ഇടുക്കിയിൽ എൽ.ഡി.എഫിന്റെ നിർണായക ശക്തിയായ സമിതി രാഷ്ട്രീയത്തിൽ നിന്നു പൂർണമായി വിട്ടുനിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കട്ടപ്പന നഗരസഭയടക്കം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 40ൽപ്പരം അംഗങ്ങളുള്ള സമിതി, ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്തിക്കൊണ്ടുള്ള സമിതിയുടെ പല നിലപാടുകളും രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നാണ് സമിതി കരുതുന്നത്. സമിതിയുടെ മുഖമായ ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭ ഇടുക്കി രൂപത വിലക്കിയിരുന്നു. വൈദികർ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇറങ്ങരുതെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ. ജോൺ നെല്ലിക്കുന്നേൽ കർശന നിർദേശവും നൽകിയിരുന്നു. ഗാഡ്ഗിൽകസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ ഹൈറേഞ്ച് സംരക്ഷണ സമിതി 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും തുടർന്ന് 2015ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇടുക്കിയിൽ എൽ.ഡി.എഫിന്റെ നിർണായക ശക്തിയായിരുന്നു. ഇടുക്കിയിൽ യു.ഡി.എഫിനെതിരെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകാൻ എൽ.ഡി.എഫിനേക്കാൾ ഒരുപടി മുമ്പിലെത്താൻ സമിതിക്ക് കഴിഞ്ഞിരുന്നു. ആരോപണപ്രത്യാരോപണങ്ങളിൽ എൽ.ഡി.എഫിനെ വിട്ട് സമിതിയെ കടന്നാക്രമിക്കാനാണ് യു.ഡി.എഫ്. ശ്രമിച്ചിരുന്നത്. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സമിതിയുടെ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പാണ്. ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഉപരിപഠനത്തിനു പോകുമ്പോൾ ജനറൽ കൺവീനർ സ്ഥാനം താൽകാലികമായി രക്ഷാധികാരി ആർ. മണിക്കുട്ടനു കൈമാറാനും തീരുമാനമുണ്ട്.