ആലക്കോട്: സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ മദ്ധ്യവയസ്‌കന് പെരുന്തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ആലക്കോട് കുന്നേൽ ജോണി വർക്കിയ്ക്കാണ് (63) പെരുന്തേനിച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ദേഹമാസകലം കുത്തേറ്റ് അബോധാവസ്ഥയിലായ ജോണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടിന് ആലക്കോടാണ് സംഭവം. ജോണി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ സമീപത്തെ പനമരത്തിൽ നിന്ന് കൂട്ടമായെത്തിയ പെരുന്തേനീച്ച കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. നൂറുകണക്കിന് ഈച്ചകളിൽ നിന്ന് ദേഹമാസകലം കുത്തേറ്റ ജോണി നിലവിളിച്ചു കൊണ്ട് സമീപത്തെ വീട്ടിൽ കയറി കതകടച്ചാണ് രക്ഷപ്പെട്ടത്. ശബ്ദം കേട്ടെത്തിയ സമീപവാസികൾക്കും പെരുന്തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ ഒരാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വൈകിട്ടോടെ മടങ്ങിപോയി. തേനീച്ചയുടെ ആക്രമണത്തിൽ ബോധരഹിതനായ ജോണിയെ സമീപവാസികൾ ഇടപെട്ട് തൊടുപുഴയിൽ നിന്ന് ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. ജോണിയുടെ ആരോഗ്യനില വൈകിട്ടോടെ മെച്ചപ്പെട്ടു.