ഇടുക്കി: കുമളിയിൽ നിന്ന് തമിഴ്നാട്ടിലെ മധുരയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 18 പേർക്ക് നിസാരമായ പരിക്കേറ്റു. ഇന്ന് രാവിലെ 10.30നായിരുന്നു അപകടം. കുമളിയിൽ നിന്ന് 35 യാത്രക്കാരുമായി മധുരയിലേക്ക് പോവുകയായിരുന്ന ബസ് മാതാകോവിലിന് സമീപമെത്തിയപ്പോൾ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. വിവരം യാത്രക്കാരോട് പറഞ്ഞ ശേഷം ഡ്രൈവർ ബസ് സമീപത്തെ പാറയിൽ ഇടിച്ചുനിറുത്താൻ ശ്രമിച്ചു. എന്നാൽ കുത്തിറക്കത്തിൽ പാറയ്ക്ക് മുകളിലേക്ക് കയറിയ ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. സമീപത്തെ കൊക്കയിലേക്ക് പതിക്കാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ കമ്പത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രക്കാരിൽ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളായിരുന്നു. അപകടത്തെ തുടർന്ന് കൊട്ടാരക്കര- ദിണ്ഡിക്കൽ ദേശീയപാതയിൽ ഗതാഗതം മുടങ്ങി.