തൊടുപുഴ: അവിശ്വാസത്തിലൂടെ നഷ്ടമായ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ഭരണം മൂന്ന് ആഴ്ചകൾക്ക് ശേഷം നാടകീയമായി തിരികെ പിടിച്ച് എൽ.‌ഡി.എഫ്. കേരളകോൺഗ്രസ് ജോസ് വിഭാഗ്രസ് ജോസ് വിഭാഗം പ്രതിനിധി ജിമ്മി മറ്റത്തിപ്പാറ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെയാണ് സി.പി.എം സ്വതന്ത്രൻ സിനോജ് ജോസ് എരിച്ചിരിക്കാട്ട് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ സ്വതന്ത്രനായ സതീഷ് കേശവൻ കൂറുമാറിയതിനെ തുടർന്ന് ജനുവരി ആറിന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ സിനോജ് ജോസിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. പകരം പ്രസിഡന്റ് സ്ഥാനം നൽകാമെന്ന വാഗ്ദാനത്തിലായിരുന്നു യു.ഡി.എഫിന്റെ അവിശ്വാസത്തെ സതീഷ് പിന്തുണച്ചത്. സതീഷ് കേശവൻ തന്നെയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. എന്നാൽ ഇന്നലെ രാവിലെ 11ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എല്ലാം തകിടം മറിയുകയായിരുന്നു. സതീഷിന്റെ പേര് ലീലാമ്മ ജോസ് നിർദ്ദേശിക്കുകയും കെ.വി. ജോസ് പിന്താങ്ങുകയും ചെയ്തു. ജിമ്മി പോൾ സിനോജ് ജോസിന്റെ പേര് നിർദ്ദേശിക്കുകയും ജേക്കബ് മത്തായി പിന്താങ്ങുകയും ചെയ്തു. കേരളാകോൺഗ്രസ് (എം)​ ജോസ് വിഭാഗം പ്രതിനിധി ജിമ്മി മറ്റത്തിപ്പാറ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തുടർന്ന്​ 13 അംഗ കൗൺസിലിൽ എൽ.ഡി.എഫ്- യു.ഡി.എഫ് അംഗബലം 6- 6 ആയി. ഇതേതുടർന്ന് നറുക്കെടുപ്പിലൂടെ സിനോജ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജില്ലാ ലേബർ ഓഫീസർ നവാസായിരുന്നു വരണാധികാരി

യു.ഡി.എഫിന് വിനയായത് പാളയത്തിലെ പട

പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി യു.ഡി.എഫിലുണ്ടായ കലാപമാണ് കൈയിൽ വന്ന ഭരണം നഷ്ടമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. യു.ഡി.എഫിലെത്തിയ സതീഷ് കേശവനെ കൂടാതെ ജിമ്മി മറ്റത്തിപ്പാറയും മറ്റ് ചിലരും പ്രസിഡന്റ് സ്ഥാനത്തിന് അവകാശം ഉന്നയിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മിലുള്ള ഭിന്നതയാണ് പടിവാതിൽക്കലെത്തിയ ഭാഗ്യം നഷ്ടപ്പെടാൻ കാരണമെന്ന് കോൺഗ്രസിലെ ചില നേതാക്കൾ ആരോപിക്കുന്നു. യു.ഡി.എഫ് ജില്ലാ നേതൃത്വം തൊടുപുഴയിൽ തമ്പടിച്ച് കരുക്കൾ നീക്കിയെങ്കിലും പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയുള്ള തർക്കം പരിഹരിക്കാനായില്ല. സതീഷാണ് സ്ഥാനാർത്ഥിയെങ്കിൽ പിന്തുണയ്ക്കാനാകില്ലെന്ന് ജിമ്മി മറ്റത്തിപ്പാറ വ്യക്തമാക്കിയതോടെയാണ് പ്രശ്നം കീറാമുട്ടിയായത്.

'വിട്ടു നിന്നത് പാർട്ടിയുടെ അനുവാദത്തോടെയാണ്. യു.ഡി.എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നു. യു.ഡി.എഫിന്റെ അഞ്ച് അംഗങ്ങളിൽ ആരെ വേണമെങ്കിലും ഉപാധികളില്ലാതെ പിന്തുണയ്ക്കാമെന്ന് അറിയിച്ചിരുന്നു. ഭരണപക്ഷത്ത് നാലു വർഷത്തിലേറെ എല്ലാവിധ സൗകര്യങ്ങളും പറ്റി ആയാറാം ഗയാറാം രാഷ്ട്രീയം കളിക്കുന്ന പഴയ ജോസഫ് ഗ്രൂപ്പുകാരനായ ഇപ്പോഴത്തെ സി.പി.ഐ സ്വതന്ത്രനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയതാണ്. ജോസഫ് ഗ്രൂപ്പിന്റെ കടുംപിടിത്തത്തിന് കോൺഗ്രസ് നിന്നു കൊടുക്കുകയായിരുന്നു. ഇടതുപക്ഷക്കാരനായ ഒരാളെ അവശേഷിക്കുന്ന എട്ടു മാസം അംഗീകരിക്കേണ്ട ഗതികേട് പാർട്ടിക്കില്ല."

-ജിമ്മി മറ്റത്തിപ്പാറ

''സത്യത്തിന്റെ വിജയമാണിത്. സത്യംമാത്രമേ എക്കാലവും നിലനിൽക്കൂവെന്നതിന് ഉദാഹരണമാണിത്. ജനോപകാരപ്രദമായ പദ്ധതികളുമായി എൽ.ഡി.എഫ് മുന്നോട്ടുപോകുന്ന സമയത്ത് ആ വികസനകുതിപ്പ് ഒരു മാസക്കാലം പിടിച്ചുനിറുത്താൻ മാത്രമാണ് അവിശ്വാസത്തിലൂടെ യു.ഡി.എഫിന് സാധിച്ചത്. ഇനിയുള്ള കാലം അവസാന വർഷപദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കും.""

സിനോജ് ജോസ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)