kids

വണ്ണപ്പുറം : തുമി കെനെ അസ്സാ ? പെട്ടന്നാണ് മറുപടി വന്നത് '' ബലേ അസ്സു'' സുഖമല്ലേ എന്ന് അസം ഭാഷയിൽ ചോദിച്ചതിന് സുഖം തന്നെ എന്ന മറുപടി പെട്ടന്ന് പറഞ്ഞ പെൺകുട്ടി വളരെ സന്തോഷത്തിലായിരുന്നു. തസ്ബിഹ എന്ന ഒൻപതു വയസ്സുകാരി പെൺകുട്ടി ഈ വർഷം ജൻമനാടായ അസം വിട്ട് വീണ്ടും സ്‌കൂളിൽ ചേരാൻ എത്തിയതായിരുന്നു.
വണ്ണപ്പുറത്തെ അടയ്ക്ക സംസ്‌കരണ ശാലയിലെ അസം തൊഴിലാളികളുടെ 34 കുട്ടികളാണ് ഇന്ന് വണ്ണപ്പുറം എസ്.എൻ.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ തുടർ പഠനത്തിനായി ചേർന്നത്. ഹെഡ്മിസ്ട്രസ്സ് സിന്ധു ഡി കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു.
സ്‌കൂൾ പ്രവേശന ഗാനം ഹയർ സെക്കണ്ടറി കുട്ടികൾ ആലപിച്ചു. തസ് ലിവാ എന്ന കൊച്ചുമിടുക്കി അസാമിസ് ഗാനം ആലപിച്ചു. ബലൂണുകളും, പഠന സാമഗ്രികളും , മധുരവും നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ ബിനുമോൻ കെ.എ കരിമണ്ണൂർ ബി.പി.ഒ ബിജു സ്‌കറിയ, പ്രിൻസിപ്പാൾ മനോജ് ആർ, വാർഡ് മെമ്പർ റഷീദ് തോട്ടുങ്കൽ , പി.ടി.എ പ്രസിഡന്റ് , സനിൽ കുമാർ പി.കെ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ സുലൈമാൻ കുട്ടി കെ.എ നേതൃത്വം നൽകി.