കട്ടപ്പന: ഗവ. കരാറുകാർ നാളെ മുതൽ ടെൻഡർ ബഹിഷ്‌കരണ സമരം ആരംഭിക്കും. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ജലവിഭവ വകുപ്പുകളിലെ കരാറുകാരാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംസ്ഥാനത്താകെ 4000 കോടി രൂപയാണ് കരാറുകാർക്ക് കിട്ടാനുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നാണ് 2200 കോടിയുടെ കുടിശിക. വിവിധ വിഭാഗങ്ങളിലുള്ള കരാറുകാർക്ക് കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഏർപ്പെടുത്തി. ഇതിനായി വൻതുകയാണ് ബാങ്കുകൾ സർവീസ് ചാർജായി ഈടാക്കുന്നത്. ഒരു കോടി രൂപയിൽ താഴെയുള്ള പ്രവൃത്തിക്ക് കരാർ തുകയുടെ അഞ്ച് ശതമാനവും സെക്യൂരിറ്റിയായി നൽകണം. കെട്ടിട നിർമാണ പ്രവൃത്തികളുടെ സെക്യൂരിറ്റി കാലാവധി മൂന്നു വർഷമായും ഉയർത്തി.
അറ്റകുറ്റപ്പണികൾ കരാറുകാരന്റെ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. സമയബന്ധിതമായി പൂർത്തീകരിക്കുന്നവർക്ക് നൽകിയിരുന്ന ബോണസും നിർത്തലാക്കി. പ്രളയക്കെടുതി കണക്കിലെടുക്കാതെ വിവിധ വകുപ്പുകൾ കരാറുകാർക്ക് വൻതുക പിഴ ചുമത്തുകയാണ്.മുൻ വർഷങ്ങളിലെ ജി.എസ്.ടി. ഇതുവരെയും നൽകിയിട്ടില്ല. എന്നാൽ 2016, 17 കാലയളവിലെ സേവന നികുതി അടയ്ക്കണമെന്നു കാട്ടി കരാറുകാർക്ക് നോട്ടീസ് അയയ്ക്കുകയാണ്. എൽ.എസ്.ജി.ഡി. പ്രവൃത്തികളുടെ പലിശയും അടിച്ചേൽപ്പിക്കുന്നു.
നിരവധി തവണ നിവേദനം നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നതെന്ന് ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ജില്ലാ ഭാരവാഹികളായ പി.സി. ഫിലിപ്പ്, ജെയിംസ് മാത്യു, ജോണി കുരുവിക്കൊമ്പിൽ, ഷാജി കെ.ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.