തൊടുപുഴ: ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് അധികാരമുണ്ടെന്ന് മുൻ നഗരസഭ വൈസ് ചെയർമാനും സംസ്ഥാന ബാർ കൗൺസിൽ അംഗവുമായ അഡ്വ: ജോസഫ് ജോൺ പറഞ്ഞു.
ട്രാക്ക് നേതൃത്വത്തിൽ നഗര സഭ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നേതൃത്വത്തിൽ നടന്ന ജനകീയ ട്രാഫിക് ലോക് അദാലത്ത് തീരുമാനങ്ങൾ തൊടുപുഴ ഗതാഗത ക്രമീകരണ സമിതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചത്. വർഷങ്ങളായി ഗതാഗത ക്രമീകരണസമിതി കൂടി തീരുമാനങ്ങൾ എടുക്കാത്ത പശ്ചാത്തലത്തിലാണ് നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെയും ട്രാക്ക് ഉൾപ്പെടെ വിവിധ സംഘടനകൾ അപേക്ഷ നൽകിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചത്. ഇതേ തുടർന്നാണ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പ്രശ്നത്തിൽ ഇടപെട്ടത്. അടുത്ത ഘട്ടത്തിൽ നഗരത്തിലെ മുഴുവൻ ബൈപാസ് റോഡുകളും പ്രയോജനപ്പെടുത്തി ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം, ആവശ്യമെങ്കിൽ ഗതാഗത ക്രമീകരണ സമിതി കൂടുതൽ ചർച്ചകൾ നടത്തി പ്രശ്ന പരിഹാരം കാണണമെന്നും ഇതിന് ഗതാഗത ഉപദേശക സമിതി ചെയർപേഴ്‌സണായ നഗരസഭ ചെയർപേഴ്‌സൺ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധ യോഗത്തിൽ സംസാരിച്ച ട്രാക്ക് ഭാരവാഹികൾ ആവശ്യപ്പെട്ടു. ട്രാക്ക് പ്രസിഡൻറ് ജെയിംസ് ടി മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം സി മാത്യു, സണ്ണി തെക്കേക്കര, പിഎം മാനുവൽ എന്നിവർ സംസാരിച്ചു.