തൊടുപുഴ: അർഹമായ കേന്ദ്രവിഹിതം നിഷേധിച്ചു കൊണ്ടും ഗ്രാന്റുകളും വായ്പാ അനുമതിയും നിഷേധിച്ചുകൊണ്ടും സംസ്ഥാനത്തെ ആകെ സാമ്പത്തിക
പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാർ നടപടികളും
നയങ്ങളും തിരുത്തുന്നതുവരെ തുടർ സമരങ്ങൾക്ക് തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസ് പടിക്കലിലേക്ക് നടന്ന സംസ്ഥാന ജീവനക്കാരുടെ മാർച്ചിലും ധർണയിലുമാണ് ഈ ആവശ്യം ഉയർന്നത്. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ. സലിം കുമാർ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ അദ്ധ്യക്ഷതവഹിച്ചു.
ഡബ്ല്യു.സി.സി ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ, ജോയിന്റ് കൗൺസിൽ
സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിൽ, ഡബ്ല്യു.സി.സി ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാർ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സാജൻ നന്ദിയും പറഞ്ഞു.