തൊടുപുഴ: ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇടുക്കി ജില്ലയിലും 13 പേർ നിരീക്ഷണത്തിൽ. ചൈനയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ഇടുക്കി സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരിലാർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. അതിനാൽ വീടുകളിൽ തന്നെയാണ് ഇവർ നിരീക്ഷണത്തിലുള്ളത്. ഓരോരുത്തരെയും നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇവരിൽ പലരും ചൈനയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് നാട്ടിലെത്തിയവരാണ്. ഇവരിലാരും വൈറസ് ബാധ സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ നിന്നുള്ളവരല്ലെന്നതും ആശ്വാസകരമാണ്. 20 ദിവസം ഇവരെ നിരീക്ഷിക്കും.
രോഗാണുക്കൾ ശരീരത്തിൽ കടന്നതിനുശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നതുവരെയുള്ള കാലമായ ഇൻക്യുബേഷൻ പീരിയഡ് കൊറോണ വൈറസിന് 14 ദിവസമാണ്. എന്നാൽ 20 ദിവസം വരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും.
മൂന്ന് ഐസലോഷൻ വാർഡുകൾ
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് ജില്ലയിൽ മൂന്ന് വെന്റിലേറ്റർ സൗകര്യമുള്ള ഐസൊലേഷൻ വാർഡുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, തൊടുപുഴ അൽ- അസ്ഹർ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ സജീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടർ വീതം ചുമതലയും നൽകിയിട്ടുണ്ട്.
ചൈനയിൽ നിന്നുള്ളവർ അറിയിക്കണം
ചൈനയിൽ നിന്നോ വൈറസ് സ്ഥിരീകരിച്ച മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നോ ജില്ലയിൽ അടുത്തിടെയെത്തിയവർ ഡി.എം.ഒയെയോ അടുത്ത സർക്കാർ ആശുപത്രിയിലോ റിപ്പോർട്ട് ചെയ്യണം.
ഇന്ന് ടാസ്ക് ഫോഴ്സ്
ഡി.എം.ഒയടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറുടെ ചേമ്പറിൽ ചേരും. ജില്ലയിലെ നിലവിലെ അവസ്ഥയും മുൻകരുതലുകളും യോഗത്തിൽ ചർച്ച ചെയ്യും.
കൊറോണ വൈറസ് എന്ത്
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ആർ.എൻ.എ വൈറസുകളാണ് കൊറോണ. പക്ഷിമൃഗാദികളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരെ ബാധിക്കാം. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധവ്യവസ്ഥ ദുർബലമായവരിലും പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.
മുൻകരുതലുകൾ
യാത്രകൾ പരമാവധി ഒഴിവാക്കുക
മാസ്കുകൾ ഉപയോഗിക്കുക
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക
കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക
''ജില്ലയിൽ നിപയുടെ സമയത്തേത് പോലെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. നിപയുടെ അത്ര ഗുരുതരമല്ല ഈ വൈറസ്. നിലവിൽ നിരീക്ഷണത്തിലുള്ളവർക്കാർക്കും രോഗലക്ഷണമില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ജാഗ്രത വേണം. ചൈനയിൽ നിന്ന് വന്നവരുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം."
-എൻ. പ്രിയ (ഡി.എം.ഒ)